ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചരിത്രമെഴുതി നൈജീരിയന്‍ താരം 

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ ചരിത്രമെഴുതി നൈജീരിയന്‍ താരം ബര്‍ത്തലോമ്യോ ഓഗ്ബച്ചേ. ലീഗിന്റെ ചരിത്രത്തില്‍ മൂന്നാമത്തെ ക്ലബ്ബിലും ടോപ്‌സ്‌കോററായ താരം ഇതിനകം ഗോളടിയില്‍ ലീഗിന്റെ സര്‍വകാല റെക്കോഡും തകര്‍ത്തു. ലീഗില്‍ മൂന്ന് സീസണ്‍ കളിച്ചതാരം 49 ഗോളുകളാണ് പേരിലാക്കിയത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെ നേടിയ ഇരട്ട ഗോളാണ് ഒഗ്‌ബെച്ചയെ ചരിത്ര നേട്ടത്തിന് അര്‍ഹനാക്കിയത്. അതേസമയം തൊട്ടുപിന്നില്‍ ബംഗലുരു എഫ്‌സി നായകന്‍ സുനില്‍ഛേത്രിയുണ്ട്. 48 ഗോളാണ് സുനില്‍ഛേത്രിയുടെ പേരിലുള്ളത്. മുന്‍ ഗോവന്‍ താരം ഫെറന്‍ കോറോയുടെ പേരിലായിരുന്നു ഐഎസ്എല്ലില്‍ ഗോള്‍നേട്ടത്തിന്റെ റെക്കോഡ്. കോറോ ഈ സീസണില്‍ കളിക്കുന്നില്ല. ഈ സീസണില്‍ ആദ്യം കോറോയുടെ നേട്ടത്തിനൊപ്പം ഇന്ത്യന്‍ നായകന്‍ സുനില്‍ഛേത്രി എത്തിയിരുന്നു.

ഈ സീസണില്‍ ഗോളുകള്‍ അടിച്ചു കൂട്ടുന്ന ഓഗ്ബച്ചേ തൊട്ടുപിന്നാലെയുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തോടെ അദ്ദേഹം റെക്കോഡ് മറികടക്കുകയും ചെയ്തു. ലീഗില്‍ ഇനിയും അനേകം മത്സരങ്ങള്‍ ബാക്കി നില്‍ക്കേ ഓഗ്ബച്ചേയുടെ കൂടുതല്‍ ഗോളുകള്‍ ആരാധകര്‍ക്ക് കാണാനാകും. ഹൈദരാബാദ് എഫ്.സി.ക്കു പുറമെ മുന്‍ ക്ലബ്ബുകളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്സ് ടീമുകള്‍ക്കായി കൂടുതല്‍ ഗോളുകള്‍ നേടിയതും ഒഗ്‌ബെച്ചെയാണ്.

Read more

2018-19 സീസണില്‍ ആദ്യമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ചപ്പോള്‍ 18 കളിയില്‍നിന്ന് 12 ഗോള്‍ നേടിയാണ് ടീമിന്റെ ടോപ്സ്‌കോററായത്. അടുത്തവര്‍ഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയപ്പോള്‍ 16 കളിയില്‍ നിന്ന് 15 ഗോള്‍ നേടി. മൂന്ന് ടീമിനായി ഹാട്രിക്കും നേടി.