നെയ്മറിന് വീണ്ടും പരിക്ക്; കോപ്പ അമേരിക്കയില്‍ കളിക്കില്ല

ഖത്തറിനെതിരെ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് പരിക്ക്. കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ നെയ്മര്‍ കളം വിട്ടു. പരിക്കിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നെയ്മറിന് നഷ്ടമാകും. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് നെയ്മര്‍ കളിക്കില്ലെന്ന വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനാവാന്‍ നെയ്മര്‍ക്ക് കഴിയില്ലെന്നാണ് പരിശോധനകളില്‍ തെളിഞ്ഞത്. ഇതേ തുടര്‍ന്നാണ് നെയ്മറെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്. ഖത്തറിനെതിരായ മത്സരത്തില്‍ എതിര്‍ താരത്തിന്റെ ടാക്കിളാണ് നെയ്മറിന്റെ പരിക്കിന് കാരണം. പരിക്കേറ്റ ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ട നെയ്മറിനെ ക്രച്ചസിലാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ട് പോയത്. മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രസീല്‍ ജയിച്ചു.

നെയ്മറിന്റെ പരിക്കും കോപ്പ അമേരിക്കയില്‍ കളിക്കില്ലെന്ന വാര്‍ത്തയും ബ്രസീല്‍ ആരാധകരില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പ അമേരിക്കയില്‍ നെയ്മറിന്റെ അഭാവം ബ്രസീലിന്റെ സാധ്യതകളിലും കരിനിഴല്‍ വീഴ്ത്തുന്നതാണ്. ജൂണ്‍ 14 ന് ബൊളീവിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.