ലോക കപ്പ് പടിവാതില്‍ക്കല്‍; സൂപ്പര്‍ പരിശീലകന് കാന്‍സര്‍, ഞെട്ടലോടെ ഫുട്ബോള്‍ ലോകം

ലോകോത്തര പരിശീലകനും നിലവിലെ ഡച്ച് പരിശീലകനുമായ ലൂയി വാന്‍ ഹാലിന് കാന്‍സര്‍. പരിശീലകന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അയാക്സ്, ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ ലോകത്തിലെ വലിയ ക്ലബുകളെ പരിശീലിപ്പിച്ച ഡച്ച് പരിശീലകന്‍ അവര്‍ക്ക് ഒപ്പം വലിയ നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. ഒരു ഡച്ച് ചാനലില്‍ ആണ് തന്നെ അലട്ടിയിരുന്ന രോഗത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

‘രോഗവിവരം അറിഞ്ഞാല്‍ താരങ്ങള്‍ തളര്‍ന്നുപോകും എന്നതിനാല്‍ രഹസ്യമായിട്ടാണ് താന്‍ ചികിത്സ നേടിയതെന്ന് പരിശീലകന്‍ വ്യക്തമാക്കി. രോഗം ഉണ്ടായിരുന്നെങ്കിലും ആരോഗ്യത്തെ ബാധിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ അത്ര ശുഭകരമായി തോന്നാത്തതിനാലാണ് ഇപ്പോള്‍ വിവരം പറയുന്നത്. കീമോ ഉള്‍പ്പടെ നിരവധി തവണ ചെയ്തെങ്കിലും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തന്റെ ശരീരത്തെ ആകെ ബാധിച്ചിരിക്കുന്നു. ഗുരുതരമായ സ്ഥിതിയാണെങ്കിലും പോരാട്ടം തുടരും’പരിശീലകന്‍ വെളിപ്പെടുത്തി.

1995 ല്‍ അയാക്സിനെ ചാമ്പ്യന്‍സ് ലീഗ് കിരീടം അണിയിച്ച വാന്‍ ഹാലിനു അതിനു മുമ്പ് അദ്ദേഹത്തിന്റെ ഭാര്യയെ ക്യാന്‍സര്‍ കാരണം നഷ്ടമായിരുന്നു. പക്ഷെ തളരാതെ പരിശീലന കരിയര്‍ തുടര്‍ന്ന വാന്‍ ഹാലിന് ഒരുപാട് ആരാധകരുണ്ട്.

നേരത്തെ ലോക കപ്പ് യോഗ്യത ഉറപ്പിച്ച ഓറഞ്ച് പട ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പരിശീലകന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.