എന്നിട്ടും മുസ്ലിം സമുദായം മൗനത്തിലാണ്, ആഞ്ഞടിച്ച് ഓസില്‍

ചൈനയില്‍ ഉയിഗൂര്‍ മുസ്ലിംങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന ക്രൂരമായ മനുഷ്യവകാര ലംഘനങ്ങളില്‍ മുസ്ലീം സമുദായം പുലര്‍ത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഴ്‌സണല്‍ സൂപ്പര്‍ താരം മെസ്യൂദ് ഓസില്‍. ട്വിറ്ററിലൂടെയാണ് ഉയിഗൂര്‍ മുസ്ലിംങ്ങള്‍ അഭിമുഖീകരിക്കുന്ന ക്രൂരമായ പീഢനങ്ങളിലേക്ക് ഓസില്‍ ശ്രദ്ധക്ഷണിയ്ക്കുന്നത്.

“വര്‍ഷങ്ങള്‍ കഴിഞ്ഞ് നമ്മുടെ സഹോരന്മാര്‍ ഈ ക്രൂരമായ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ അവരനുഭവിച്ച പീഡനത്തേക്കാള്‍ അവരുടെ മുസ്‌ലിം സഹോദരങ്ങളുടെ നിശബ്ദതയായിരിക്കും ഓര്‍മിക്കുക” ഓസില്‍ ട്വിറ്ററില്‍ കുറിച്ചു.

“അവര്‍ ഖുര്‍ആന്‍ കത്തിക്കുന്നു, മസ്ജിദുകള്‍ അടക്കുന്നു, മദ്രസകള്‍ നിരോധിക്കുന്നു, മുസ്‌ലിം നേതാക്കള്‍ ഒന്നൊന്നായി കൊല്ലപ്പെടുന്നു നമ്മുടെ സഹോദരങ്ങളെ ക്യാമ്പിലടക്കുന്നു, സഹോദരികളെ കൊണ്ട് നിര്‍ബന്ധമായി വിവാഹം കഴിപ്പിക്കുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും മുസ്‌ലിം സമുദായം നിശബ്ദതയിലാണ്” ഓസില്‍ പറയുന്നു.

ചൈനയുടെ വടക്ക് പടിഞ്ഞാറുള്ള ഷിങ്ജിയാങിലെ ഉയിഗൂര്‍ മുസ്ലീംങ്ങള്‍ ക്രൂരമായ പീഢനങ്ങള്‍ക്കാണ് നിലവില്‍ വിധേയരാകുന്നത്. പത്ത് ലക്ഷത്തോളം വരുന്ന അവരെ ചൈന പ്രത്യേക തടങ്കല്‍ പാളയത്തില്‍ അടച്ചിരിക്കുകയാണിപ്പോള്‍.