അര്‍ജന്റീനയ്ക്ക് നാണം കെട്ട തോല്‍വി; അടുത്ത മത്സരത്തിന് മെസി പിന്‍മാറി

റഷ്യ ലോകപ്പിന് ശേഷം ദേശീയ കുപ്പായത്തില്‍ നിന്നും മാറി നിന്ന് ഇതിഹാസ താരം ലയണല്‍ മെസിയുടെ തിരിച്ചുവരവ് മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് നാണംകെട്ട തോല്‍വി. 9 മാസത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീന കുപ്പായത്തില്‍ മെസി ഇറങ്ങുന്നത് കാത്തിരുന്ന ആരാധകരെ കണ്ണീരിലാക്കി വെനസ്വാലയാണ് സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയതെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചത്.

മത്സരത്തിന്റെ ആറാം മിനുറ്റില്‍ റോണ്ടന്‍ നേടിയ ഗോളില്‍ വെനസ്വല മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മുറിലോയിലൂടെ അവര്‍ ഗോള്‍ ലീഡുയര്‍ത്തി. മത്സരത്തിന്റെ അന്‍പത്തിയൊന്‍പതാം മിനുറ്റില്‍ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന ഗോള്‍ നേടിയെങ്കിലും, എഴുപത്തിയഞ്ചാം മിനുറ്റില്‍ നേടിയ പെനാല്‍റ്റി ഗോള്‍ വെനസ്വേലയുടെ വിജയം ഉറപ്പിച്ചു.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകമായ മെട്രോ പൊളിറ്റാനോയില്‍ നടന്ന മത്സരത്തിലാണ് ആരാധകരെ അര്‍ജന്റീന വീണ്ടും നിരാശരാക്കിയത്. കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരം പ്രതീക്ഷയോടെയാണ് ആരാധകര്‍ കണ്ടിരുന്നതെങ്കിലും മെസിക്കും കൂട്ടര്‍ക്കും തല ഉയര്‍ത്താന്‍ സാധിക്കാതെയാണ് മടങ്ങിയത്.

അതേസമയം, കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മൊറോക്കോയ്‌ക്കെതിരേ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ മെസി ഉണ്ടാകില്ല. വെനസ്വലയ്‌ക്കെതിരേ മുഴുവന്‍ സമയവും കളിച്ച മെസിയുടെ പരിക്ക് കളിക്ക് ശേഷമാണ് അര്‍ജന്റീന പുറത്ത് വിട്ടത്. ഇക്കാര്യത്തില്‍ മെസിയുടെ ഔദ്യോഗിക പ്രസ്താവന വന്നിട്ടില്ല.