മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ കോച്ച് വരും; ഇതിഹാസ താരത്തെ ശുപാര്‍ശ ചെയ്ത് ക്രിസ്റ്റ്യാനോ

ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇത് അത്ര നല്ല സമയമല്ല. പ്രീമിയര്‍ ലീഗിലെ അവസാന മൂന്ന് മത്സരങ്ങളിലും ചുവന്ന ചെകുത്താന്‍മാര്‍ക്ക് ജയിക്കാനായിട്ടില്ല. അതിനാല്‍ത്തന്നെ പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷേറിന്റെ നില പരുങ്ങലിലാണ്. അല്‍പ്പം വൈകിയായാലും പുതിയ കോച്ചിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തേടുമെന്ന് ക്ലബ്ബുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബോര്‍ഡ് അംഗങ്ങളുടെ പൂര്‍ണ പിന്തുണയാണ് സോള്‍ഷേറിന്റെ ബലം. അടുത്തകാലത്തൊന്നും സോള്‍ഷേറിന് സ്ഥാന ചലനമുണ്ടാകാന്‍ സാധ്യതയില്ല. എങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിലപാട് സോള്‍ഷേറിന്റെ കോച്ചിംഗ് ഭാവി നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാകും.

ഫ്രഞ്ച് ഇതിഹാസവും സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ മുന്‍ പരിശീലകനുമായ സിനദിന്‍ സിദാനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ചാക്കണമെന്ന് ക്രിസ്റ്റ്യാനോ ശുപാര്‍ശ ചെയ്തയായി റിപ്പോര്‍ട്ടുണ്ട്. റയലില്‍ ദീര്‍ഘകാലും ക്രിസ്റ്റ്യാനോയുടെ ആശാനായിരുന്നു സിദാന്‍. റയലിന്റെ പരിശീലക പദം ഒഴിഞ്ഞശേഷം സിദാന്‍ പുതിയ ചുമതല ഏറ്റെടുത്തിട്ടില്ല. അതിനാല്‍ മാഞ്ചസ്റ്ററിന്റെ ഓഫര്‍ സിദാന്‍ സ്വീകരിക്കുമെന്നു തന്നെയാണ് ക്രിസ്റ്റ്യാനോയുടെ വിശ്വാസം.