പോകല്ലെയെന്ന് പോള്‍ പോഗ്‌ബേയോട് താണുകേണു മാഞ്ചസ്റ്റര്‍ ; ആഴ്ച പ്രതിഫലമായി കണ്ണുതള്ളുന്ന തുക വാഗ്ദാനം

പരിശീലകനെ മാറ്റിയിട്ടും സൂപ്പര്‍താരം വന്നിട്ടും ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ പ്രതിസന്ധി നേരിടുന്ന വമ്പന്‍ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ ടീമില്‍ പിടിച്ചുനിര്‍ത്താന്‍ പഠിച്ച പണിയെല്ലാം പുറത്തെടുക്കുന്നു.

ഈ വര്‍ഷം ജൂണോടെ ക്ലബ്ബുമായി കരാര്‍ അവസാനിക്കുന്ന താരത്തെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ പിടിച്ചുനിര്‍ത്താന്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ആഴ്ചപ്രതിഫലമാണ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ആഴ്ചയില്‍ അഞ്ചുലക്ഷം പൗണ്ട് പ്രതിഫലം നല്‍കുന്ന കരാറാണ് മാഞ്ചസ്റ്റര്‍ പുതിയതായി പോഗ്ബയ്ക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നതെന്നും പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ ഒരു കളിക്കാരന് ക്ലബ്ബ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇതെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോഗ്ബയ്ക്ക് വേണ്ടി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളാണ് ക്യൂ നില്‍ക്കുന്നത്. പോഗ്ബ യുണൈറ്റഡില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്കോ ഫ്രഞ്ച് ക്ലബ്ബായ പാരീസിലേക്കോ ചുവടുമാറുമെന്നാണ് കേള്‍ക്കുന്നത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡും താരത്തിനായി ശക്തമായി തന്നെ മുന്നിലുണ്ട്.

പോഗ്ബ ഇംഗ്‌ളണ്ടിന് പുറത്തെ ക്ലബ്ബുകളുമായി സംസാരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും പ്രീ സീസണ്‍ കരാറില്‍ ഒപ്പുവെച്ചേക്കുമെന്നുമാണ് കേള്‍ക്കുന്നത്. അതേസമയം മാഞ്ചസ്റ്ററിന്റെ പുതിയ പരിശീലകന്‍ റാല്‍ഫ് റാഗ്നിക്കിന് കീഴില്‍  പക്ഷേ പോഗ്ബയ്ക്ക് കളിക്കാനായിട്ടില്ല. ഒക്‌ടോബറില്‍ അന്താരാഷ്ട്ര മത്സരം കളിക്കുമ്പോള്‍ താരത്തിന് പരിക്കേറ്റിരുന്നു.

Read more

മാഞ്ചസ്റ്ററില്‍ എല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടീം കഴിഞ്ഞ മത്സരത്തില്‍ ക്രിസ്ത്യാനോയെ പോലെ ഒരു സൂപ്പര്‍താരം ഉണ്ടായിട്ടും വോള്‍വ്‌സ് പോലെയുള്ള ഒരു ടീമിനോട് ഒരു ഗോളിന് പരാജയം അറിഞ്ഞിരുന്നു. പ്രീമിയര്‍ ലീഗ് പട്ടികയിലും ടീം ആദ്യ നാലില്‍ പോലുമില്ല.