അത്‌ലറ്റിക്കോ മാഡ്രിഡില്‍ സ്ഥിരമായി ബഞ്ചില്‍ തന്നെ ; ലൂയി സുവാരസ് സ്പാനിഷ് ലീഗ് വിടുന്നു

യൂറോപ്യന്‍ ലീഗില്‍ ഇനിയും ബാല്യം ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്ന ഉറുഗ്വായന്‍ മുന്നേറ്റക്കാരന്‍ ലൂയിസ് സുവാരസ് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ലക്ഷ്യമിടുന്നു. നിലവിലെ ക്ലബ്ബ് സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് താരത്തിന്റെ ഗോളടിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് താരം ക്ലബ്ബ് വിടുന്നത്. ഈ സീസണില്‍ ഒട്ടു മിക്ക മത്സരങ്ങളിലും പരിശീലകന്‍ ഡിയഗോ സിമയോണി ബഞ്ചിലിരുത്തിയ താരം പ്രീമിയര്‍ ലീഗില്‍ സ്്റ്റീവന്‍ ജറാഡിന്റെ ആസ്റ്റണ്‍വില്ലയാണ് ലക്ഷ്യമിടുന്നത്.

ഈ സീസണില്‍ സിമയോണി താരത്തെ ആകെ മൂന്ന് മത്സരത്തില്‍ മാത്രമാണ് 90 മിനിറ്റും കളിപ്പിച്ചത്. മാത്രമല്ല ടീമിന്റെ മുന്നേറ്റത്തിലേക്ക് പുതിയതായി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ജാവോ ഫെലിക്‌സിനെയും ബ്രസീലിയന്‍ താരം മത്തേവൂസ് ക്യൂണയെയും ടീമില്‍ എത്തിക്കുകയും ഏയ്്ഞചല്‍ കൊറിയേറയ്ക്ക്് മുന്നേറ്റത്തില്‍ അവസരം സ്ഥിരമായി കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം പുറമേ 34 കാരനായ താരവുമായി കരാര്‍ നീട്ടാനും ക്ലബ്ബിന് താല്‍പ്പര്യമില്ലാതായി.

എന്നാല്‍ കഴിഞ്ഞ സീസണില്‍ 21 ഗോളുകള്‍ ലീഗില്‍ അടിച്ച് അത്‌ലറ്റിക്കോയെ ചാംപ്യന്മാരാക്കിയതും ഈ സീസണിലെ ആദ്യ 13 കളിയില്‍ ഏഴു ഗോളടിക്കുകയും ചെയത താരത്തിന് റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് ഇനിയും യൂറോപ്യന്‍ ലീഗില്‍ എവിടെയെങ്കിലും കളിക്കണമെന്നുണ്ട്. ബാഴ്‌സിലോണയിലെ മുന്‍ താരം ഫിലിപ്പെ കുടീഞ്ഞോ പോയ ആസ്റ്റന്‍വില്ലയിലൂടെ പ്രീമിയര്‍ ലീഗില്‍ പന്തു തട്ടാനും ഒടുവി മെസ്സിയ്‌ക്കൊപ്പം അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗോടെ കരിയര്‍ അവസാനിപ്പിക്കാനുമാണ് താല്‍പ്പര്യം.

2020 ല്‍ ബാഴ്‌സിലോണ വിട്ട സുവാരസ് അത്‌ലറ്റിക്കോയിലേക്ക് തിരിച്ചുപോകുമ്പോള്‍ 283 കളികളില്‍ 198 ഗോളുകള്‍ അടിച്ച് ബാഴ്‌സയുടെ എക്കാലത്തെയും വലിയ മൂന്നാമത്തെ ഗോള്‍ സകോററായിട്ടാണ് ക്യാമ്പ് ന്യൂ വിട്ടത്. അവര്‍ക്കൊപ്പം അഞ്ചു ലാലിഗ കിരീടവും നാലു സ്പാനിഷ്‌കപ്പിലും ഒരു ചാംപ്യന്‍സ് ലീഗിലും താരമായി. ഖത്തറില്‍ നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പ് കൂടി ലക്ഷ്യമിടുന്ന താരം ഉറുഗ്വായന്‍ ദേശീയ ടീമിന്റെ ഭാഗമാകുക കൂടി ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ ലീഗ് തെരയുന്നത്.