കിലിയന്‍ എംബാപ്പേ പിഎസ്ജിയില്‍ തുടരില്ല ; റെക്കോഡ് തുക വാഗ്ദാനം ചെയ്ത് സ്പാനിഷ് ക്ലബ്ബ്

ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഫ്രഞ്ച്ക്ലബ്ബ് പിഎസ്ജി വിടുമെന്ന് ഉറപ്പായി. ഈ സീസണ്‍ അവസാനിക്കുന്നതോടെ ക്ലബ്ബുമായി കരാര്‍ അവസാനിക്കുന്ന താരം ഇനി പോകുക സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡിലേക്കാണ്. താരത്തിന്റെ ഏജന്റുമായി സ്്പാനിഷ്‌ക്ലബ്ബ് ധാരണയിലെത്തിയതായി ഫ്രഞ്ചുമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിഎസ്ജിയുടെ ഇരട്ടിത്തുകയാണ് സ്പാനിഷ് ക്ലബ്ബ് ഫ്രഞ്ച് താരത്തിന് നല്‍കുന്നത്. പ്രതിവര്‍ഷം 50 ദശലക്ഷം ഡോളര്‍ (416 കോടി രൂപ) യാണ് സ്പാനിഷ് ക്ലബ്ബിന്റെ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കരാര്‍ നീട്ടാന്‍ എംബാപ്പെയുമായി പി.എസ്.ജി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും താരം കരാര്‍ പുതുക്കാന്‍ തയ്യാറായിട്ടില്ല.

ജനുവരി ട്രാന്‍സ്ഫര്‍ കാലയളവില്‍ താന്‍ ഫ്രഞ്ച് ക്ലബ്ബ് വിടുന്നില്ലെന്ന് എംബാപ്പെ വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച്്ക്ലബ്ബായ എ.എസ് മൊണാക്കോയിലൂടെ പ്രൊഫഷണല്‍ രംഗത്ത് അരങ്ങേറിയ എംബാപ്പെ 2017-ലാണ് പി.എസ്.ജിയില്‍ ചേര്‍ന്നത്. ലോണ്‍ അടിസ്ഥാനത്തില്‍ എത്തിയ താരത്തെ പിന്നീട് 180 ദശലക്ഷം നല്‍കി പി.എസ്.ജി സ്വന്തമാക്കി.

2018-19 മുതല്‍ തുടര്‍ച്ചയായ മൂന്നു സീസണില്‍ ലീഗ് ടോപ് സ്‌കോററായി എംബാപ്പെയെ പല സീസണായി റയല്‍ നോട്ടമിട്ടിരിക്കുകയായിരുന്നു. പി.എസ്.ജിക്കു വേണ്ടി 100 മത്സരങ്ങളില്‍ 88-ഗോളുകള്‍ അടിച്ചുകൂട്ടിയ എംബാപ്പേ ഫ്രാന്‍സ് ദേശീയ ടീമിനു വേണ്ടി 53 മത്സരങ്ങളില്‍ 24-ഉം ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.