കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് ആശ്വസിക്കാറായിട്ടില്ല ; ഹൈദരാബാദിനെ മുംബൈ തോല്‍പ്പിച്ചാല്‍ ഗോവയ്ക്ക് എതിരേ കളി കാര്യമാകും

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ഞപ്പട ആരാധകര്‍ക്ക് ആഹ്‌ളാദത്തിന് ചെറുതായെങ്കിലും വക നല്‍കിയിരിക്കുന്നത്. മുംബൈയെ കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തതോടെ ഒരു കളി കൂടി കഴിഞ്ഞാല്‍ ടീം സെമിയില്‍ കടക്കുമെന്ന് ആരാധകരും ടീം മാനേജ്‌മെന്റും വിശ്വസിച്ചു തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം ചെറിയ ആശ്വാസം മാത്രമാണ്. നാളെ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി മുംബൈയെ വീഴ്ത്തിയാല്‍ മാത്രമേ ഈ ആശ്വാസം പൂര്‍ണ്ണമാകൂ. മുംബൈ വിജയിച്ചു കയറിയാല്‍ ബ്‌ളാസ്‌റ്റേഴ്‌സിന് മത്സരം കടുപ്പമാകും.

31 പോയിന്റുമായി മുംബൈസിറ്റി ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. നാളത്തെ മത്സരം ജയിച്ചാല്‍ അവര്‍ക്ക് പോയിന്റ് 34 ആയി ഉയരും. ബ്‌ളാസ്‌റ്റേഴ്‌സിനെ ഒരു പോയിന്റ് മറികടക്കുകയും ചെയ്യും. ഇതോടെ ഗോവയ്ക്ക് എതിരേയുള്ള അവസാന മത്സരം മഞ്ഞപ്പടയ്ക്ക് തോല്‍ക്കാതിരിക്കേണ്ടിയും വരും. ജംഷഡ്പുര്‍ എഫ്‌സിക്കെതിരെ സൂപ്പര്‍താരങ്ങളില്ലാതെ ഇറങ്ങേണ്ടി വന്ന ഹൈദരാബാദ് എതിരില്ലാത്ത മൂന്നു ഗോളിന്റെ വമ്പന്‍ തോല്‍വിയാണ് വഴങ്ങിയത്. ഒന്നാം സ്ഥാനത്തായിരുന്ന അവരുടെ ഹൈദരാബാദ് താരങ്ങള്‍ കോവിഡ് പ്രതിസന്ധി നേരിടുകയാണ്.

അതുകൊണ്ടു തന്നെ നാളെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെയാണു മുംബൈയുടെ പോരാട്ടം ബ്‌ളാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കും സമ്മര്‍ദ്ദമായിരിക്കും. മുംബൈ ജയിച്ചാല്‍ ഗോവയുമായുള്ള മത്സരം കേരളത്തിന് ഫൈനലിന് സമാനമായ പരീക്ഷണമായിരിക്കും. ടീം മികച്ച ഫോമിലാണെങ്കിലും ഗോവയ്ക്ക് എതിരേയുള്ള ബ്‌ളാസ്‌റ്റേഴ്‌സിന്റെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഇതുവരെ അവര്‍ക്കെതിരേ കൃത്യമായ ഒരു മേല്‍ക്കോയ്മ ഉണ്ടാക്കാന്‍ ബ്‌ളാസ്‌റ്റേഴ്‌സിനായിട്ടില്ല.

ഈ സീസണില്‍ ആദ്യ പാദത്തില്‍ ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ നേടിയ ശേഷമാണ് സമനില വഴങ്ങിയത്. ഇതുവരെ ഇരു ടീമുകളും 15 തവണ ഏറ്റുമുട്ടിയെങ്കിലും ഒമ്പതു തവണയും വിജയം അവര്‍ തന്നെ കൊണ്ടുപോയി. മൂന്നു മത്സരം സമനിലയിലായപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചത് മൂന്ന് തവണ മാത്രം. ഏറ്റവുമൊടുവില്‍ ബ്ലാസ്റ്റേഴ്‌സ് ഗോവയെ കീഴടക്കിയതു ആറു സീസണ്‍ മുന്‍പാണ്. സ്വന്തം മണ്ണില്‍ ഗോവ എത്രമാത്രം അപകടകാരികളായിരിക്കുമെന്ന് ഇതിനകം ബ്‌ളാസ്‌റ്റേഴ്‌സ് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടെന്നിരിക്കെ ജീവന്‍ മരണ പോരാട്ടമായിരിക്കും.