കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് വീണ്ടും പരിശീലനം തുടങ്ങി ; അഡ്രിയാന്‍ ലൂണ കളിക്കുമോ എന്ന് സംശയം

ഇനി വരുന്ന 9 കളികളില്‍ അഞ്ചെണ്ണമെങ്കിലും ജയിക്കാനായാല്‍ പ്‌ളേഓഫ് സാധ്യത സജീവമാകുമെന്നിരിക്കെ കേരളബ്‌ളാസ്‌റ്റേഴ്‌സ് പരിശീലനം തുടങ്ങി. 13 ദിവസമായി കോവിഡ് വലച്ച ടീം ദിവസങ്ങള്‍ക്ക് ശേഷം കരുത്തരായ ബംഗലുരുവിനെതിരേയാണ് ഇടവേളയ്ക്ക് ശേഷം കളി തുടങ്ങുക.

കഴിഞ്ഞ ദിവസം പരിശീലകന്‍ ഇവാന്‍ വുകുമിനോവിച്ചിന് കീഴിലാണ് ടീം വീണ്ടും പരിശീലിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. അഡ്രിയന്‍ ലൂണ നാളെ ബെംഗളൂരുവിനെതിരെ കളിക്കുമോയെന്നു തീര്‍ച്ചയില്ല. ശരീരക്ഷമത വീണ്ടെടുക്കാത്തതാണു കാരണം. ലൂണ ഒഴികെയുള്ള വിദേശതാരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങളില്‍ സഹല്‍ അബ്ദുല്‍ സമദ്, കെ. പ്രശാന്ത്, ഹര്‍മന്‍ജോത് ഖബ്ര, പ്യൂട്ടിയ, ഹോര്‍മിപാം, സന്ദീപ് സിങ്, സഞ്ജീവ് സ്റ്റാലിന്‍, ധനചന്ദ്ര മീത്തേയി തുടങ്ങിയവര്‍ ഇന്നലെ കളത്തിലിറങ്ങി. 20 പോയിന്റുള്ള ബ്ലാസ്റ്റേഴ്സിന് നാളത്തേത് ഉള്‍പ്പെടെ 9 മാച്ചാണു ലീഗ് ഘട്ടത്തില്‍ ബാക്കിയുള്ളത്.

ബംഗലുരുവിനെതിരേ ടീമിന്റെ പോരാട്ടം എത്രമാത്രം മികച്ചതായിരിക്കും എന്ന ആശങ്കയാണ് പരിശീലകനും ആരാധകര്‍ക്കും. താരങ്ങള്‍ വേണ്ടത്ര ഫിറ്റല്ല എന്ന സൂചനയാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമനോവിച്ച് നല്‍കുന്നത്. നാളത്തെ കളിയെ കുറിച്ച് ഉത്കണ്ഠയില്ല. കളിക്കണം, അത്രയേ ഉള്ളൂ’ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തു മത്സരങ്ങളില്‍ കേരള ടീം തോല്‍വിയറിഞ്ഞിട്ടില്ല. 11 കളിയില്‍ അഞ്ചു വിജയവും അഞ്ചു സമനിലയും ഒരു തോല്‍വിയുമാണ് ടീമിനുള്ളത്.13 കളിയില്‍ നിന്ന് 17 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ആറാമതാണ് ബംഗളൂരു. കഴിഞ്ഞ മത്സരത്തില്‍ ചെന്നിയനെതിരേ ബംഗലുരു മികച്ച ഫോമിലായിരുന്നു.