'ഈ സീസണില്‍ ഞങ്ങള്‍ മികച്ച നിലയില്‍'; മുംബൈക്കെതിരെ ഫുള്‍ പവറിലെന്ന് ഡോവന്‍

പത്താം സീസണിലെ മൂന്നാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് മുംബൈ സിറ്റിയെ നേരിടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും എഎഫ്‌സി ചാമ്പ്യന്‍ഷിപ്പിലെയും തുടര്‍ച്ചയായ എവേ മത്സരങ്ങള്‍ക്കപ്പുറം മാസങ്ങള്‍ക്കു ശേഷമാണ് മുംബൈ സ്വന്തം സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തുന്നത്. മറുവശത്ത് തുടര്‍ച്ചയായ രണ്ടു ഹോം മത്സരങ്ങള്‍ക്ക് ശേഷം പത്താം സീസണിലെ ആദ്യ എവേ മത്സരത്തിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.

മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ കഴിഞ്ഞ സീസണിലെ ലീഗ് ഷീല്‍ഡ് വിന്നേഴ്സ് മുംബൈ സിറ്റി എഫ്സിക്കെതിരെ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവന്‍ വ്യക്തമാക്കി. എന്നാല്‍ സീസണിലെ മികച്ച തുടക്കത്തില്‍ ടീമിന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷത്തെ ലീഗ് ഷീല്‍ഡ് ചാമ്പ്യനെതിരെ നിങ്ങള്‍ കളിക്കുമ്പോള്‍, അത് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടാണ്. കാരണം മുംബൈ സിറ്റി എഫ്സി വളരെ മികച്ച ടീമാണ്. എന്നാല്‍ ആറില്‍ ആറ് പോയിന്റുമായി ഞങ്ങള്‍ സീസണ്‍ നന്നായി ആരംഭിച്ചു. അത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഒരു നല്ല കളി ഞാന്‍ പ്രതീക്ഷിക്കുന്നു.

ഞങ്ങള്‍ ഒരുപാട് ഗോളുകള്‍ വഴങ്ങിയിട്ടില്ല. ടീമിലെ ബാലന്‍സ് മികച്ചതാണ്. ലൂണയെയും ഡയമന്റകോസിനെയും പോലെയുള്ള കളിക്കാര്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട്. ലൂണ എപ്പോഴും ഞങ്ങളുടെ ക്യാപ്റ്റനാണ്, അദ്ദേഹം ഞങ്ങളുടെ ടീമിന് വളരെ പ്രധാനമാണ്. തുടക്കത്തില്‍ ഡയമന്റകോസിന് പരിക്കിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. അവസാന മത്സരത്തില്‍ അദ്ദേഹം ബെഞ്ചില്‍ ഉണ്ടായിരുന്നു. കളിക്കളത്തില്‍ അവര്‍ തമ്മില്‍ ബന്ധമുണ്ട്. അദ്ദേഹം ഫിറ്റ് ആയി തിരിച്ചെത്തിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ഞായറാഴ്ച ഞങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു- ഡോവന്‍ പറഞ്ഞു.