ദേശീയഗാനം പാടില്ലെന്ന് പ്രതിജ്ഞ എടുത്തു, ആ തിയതി കൈയില്‍ പച്ച കുത്തിയിട്ടുണ്ട്, ജിങ്കന്റെ വെളിപ്പെടുത്തല്‍

ഇന്ത്യ സമ്മാനിച്ച ഏറ്റവും കരുത്തനായ പ്രതിരോധ താരങ്ങളിലൊരാളാണ് സന്ദേഷ് ജിങ്കന്‍. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനായും രാജ്യന്തര തലത്തില്‍ ടീം ഇന്ത്യയ്ക്കായും സ്തുത്യർഹമായ സേവനമാണ് ഈ 26-കാരന്‍ നിര്‍വ്വഹിച്ചത്. കളിക്കളില്‍ ഏതൊരു മുന്നേറ്റ താരത്തിന്റേയും പേടിസ്വപ്നമായ ജിങ്കന്‍ ഫിഫ ഡോട്ട് കോമിനോട് മനസ്സ് തുറന്നു.

ഏഷ്യയിലെ കുട്ടികളെല്ലാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും റയല്‍ മാഡ്രിഡിലുമെല്ലാം കളിയ്ക്കുന്നത് സ്വപ്നം കണ്ടായിരുന്നു വളര്‍ന്നിരുന്നെങ്കില്‍ താന്‍ അതില്‍ നിന്നും തീരെ വ്യത്യസ്തനായിരുന്നു എന്ന് ജിങ്കന്‍ പറയുന്നു. ഇന്ത്യയ്ക്കായി കളിയ്ക്കുന്നതായിരുന്നു ചെറുപ്പം മുതല്‍ താന്‍ കാണുളള സ്വപ്നമെന്ന് ഈ ചണ്ഡീഗഡുകാരന്‍ വെളിപ്പെടുത്തുന്നു. തന്റെ കൗമാര കാലത്ത് തന്നെ ഇന്ത്യയുടെ കളി സശ്രദ്ധം വീക്ഷിക്കാറുണ്ടായിരുന്നെന്നും കളിയ്ക്ക് മുമ്പെ സ്‌കൂളില്‍ ഫോര്‍മേഷനെല്ലാം സുഹൃത്തുകളുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നെന്നും താരം കൂട്ടിചേര്‍ത്തു.

2010-ല്‍ ഇന്ത്യന്‍ ദേശീയ ക്യാമ്പില്‍ പോയപ്പോള്‍ താനെടുത്ത പ്രതിജ്ഞ ജിങ്കന്‍ പങ്കുവെച്ചു. ഇനി ഇന്ത്യന്‍ ടീമില്‍ കയറാതെ ദേശീയഗാനം പാടില്ല എന്നായിരുന്നു ആ പ്രതിജഞ. അഞ്ച് വര്‍ഷത്തിനിപ്പുറം ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കാനായെന്നും അന്ന് ഉച്ചത്തില്‍ ദേശീയ ഗാനം ആലപിച്ചത് താന്‍ മറക്കില്ലെന്നും ജിങ്കന്‍ പറഞ്ഞു. ആ തിയതി പച്ചകുത്തി ശരീരത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ജിങ്കന്‍ വെളിപ്പെടുത്തി.

ഇന്ത്യയുടെ ലോക കപ്പ് പ്രതീക്ഷകളെ കുറിച്ച് ചോദിച്ചപ്പോള്‍ ജിങ്കന്റെ മറുപടി ഇപ്രകാരമായിരുന്നു. “ഇന്ത്യ ലോക കപ്പ് കളിക്കുകയെന്നത് ഞാനുള്‍പ്പെടെ എല്ലാവരുടെയും സ്വപ്നമാണ്. ഞാന്‍ ബൂട്ടഴിക്കുന്നതിന് മുമ്പ് അത് സാദ്ധ്യമാക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. കളിക്കാരനെന്ന നിലയില്‍ അത് നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോച്ചിംഗിലൂടെയെങ്കിലും അത് സാദ്ധ്യമാക്കും”

നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതോടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ജിങ്കന്‍. വിദേശത്തേയ്ക്കാണ് ജിങ്കന്‍ മാറുക എന്നാണ് ലഭിക്കുന്ന സൂചന.