ജിങ്കനേയും ബാലാദേവിയേയും തേടി രാജ്യത്തിന്റെ ആദരവ് വരുന്നു

മുംബൈ : ഇന്ത്യയുടേയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റേയും കരുത്തുറ്റ പ്രതിരോധ ഭടനായ സന്ദേശ് ജിങ്കന് അര്‍ജുന അവാര്‍ഡിന് ശിപാര്‍ശ. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്) പുരസ്‌കാരത്തിന് ജിങ്കന്റെ പേര് ശിപാര്‍ശ ചെയ്തത്. വനിതാ വിഭാഗത്തില്‍ നിന്ന് ബാലാ ദേവിയുടെ പേരും ശിപാര്‍ശ ചെയ്തിട്ടുണ്ട്. സമീപകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിനായി ഇരുവരും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അര്‍ജുനയ്ക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

ദേശീയ ടീമിലെ സ്ഥിരതയാര്‍ന്ന പ്രകടനം പരിഗണിച്ച് സന്ദേശ് ജിങ്കനെയും ബാലാ ദേവിയെയും അര്‍ജുന അവാര്‍ഡിന് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പുരുഷ വിഭാഗത്തില്‍ നിന്ന് ഒരാളും വനിതാ വിഭാഗത്തില്‍ നിന്ന് ഒരാളെയുമാണ് ശിപാര്‍ശ ചെയ്യുന്നതെന്നും എഐഎഫ്എഫ് സെക്രട്ടറി കുശാല്‍ ദാസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇന്ത്യയ്ക്കു പുറത്ത് പ്രൊഫഷനല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി കരാര്‍ ഒപ്പിടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമെന്ന റെക്കോഡ് സ്വന്തമാക്കിയ വ്യക്തിയാണ് ഇരുപത്തൊമ്പതുകാരിയായ ബാലാ ദേവി.

Read more

സ്‌കോട്ട്‌ലന്‍ഡിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിയ്ക്കുന്ന റെയ്‌ഞ്ചേഴ്‌സിന്റെ താരമാണ് ബാലാ ദേവി. ഇന്ത്യന്‍ ദേശീയ ടീമിനായി ഏറ്റവുമധികം ഗോള്‍ നേടിയതിന്റെ റെക്കോഡും (52) ഈ മണിപ്പുര്‍ താരത്തിന്റെ പേരിലാണ്.