ഞങ്ങള്‍ നല്ല ഫുട്‌ബോള്‍ കളിക്കാന്‍ ശ്രമിച്ചു.. പക്ഷേ..; ഹൈദരാബാദിനെതിരായ തോല്‍വിയില്‍ ഇവാന്‍ വുകോമനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണിലെ അവസാന ലീഗ് മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയത്തോടെ അവസാനിപ്പിക്കാനായില്ല. സീസണിലെ ആദ്യ മത്സരത്തിന് സമാനമായി മഞ്ഞക്കടലായി ആരാധകര്‍ സ്റ്റേഡിയം നിറഞ്ഞുവെങ്കിലും ഹൈദരാബാദ് എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍ക്കാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. മത്സര ശേഷം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തോല്‍വിയില്‍ പ്രതികരിച്ചു.

ഞങ്ങള്‍ക്ക് ഒരു ശക്തമായ ടീമാകാന്‍ ആഗ്രഹമുണ്ടായിരുന്നു, ഞങ്ങള്‍ നല്ല ഫുട്‌ബോള്‍ കളിക്കാന്‍ ശ്രമിച്ചു, ഗോളുകള്‍ നേടാന്‍ ശ്രമിച്ചു. ഈ സീസണില്‍ ഏറ്റവും കുറഞ്ഞ ഗോളുകള്‍ വഴങ്ങിയ ഹൈദരാബാദ് എഫ്സിയെ നേരിടുമ്പോള്‍ അതത്ര എളുപ്പമല്ല. അവസാന മൂന്നാം ഭാഗം വരെ ഞങ്ങള്‍ മികച്ചവരായിരുന്നു, പക്ഷേ പിന്നീട് ഞങ്ങള്‍ക്ക് അവസാന പാസ് നഷ്ടപ്പെട്ടു.

ഹൈദരാബാദ് എഫ്സി കഠിനമായ ടീമാണ്, അതിനാല്‍ ഇന്ന് രാത്രി ഞങ്ങള്‍ക്ക് ഇന്നത്തെ കളി നഷ്ടമായി, ഇനി ഞങ്ങള്‍ വെള്ളിയാഴ്ച മത്സരത്തിന് തയ്യാറെടുക്കണം. മിക്ക കളിക്കാര്‍ക്കും നാളെ റിക്കവറാകും, ചില കളിക്കാര്‍ റീഫ്രഷാകും. പ്ലേ ഓഫില്‍ മത്സരിക്കുമ്പോള്‍ പരിശീലനത്തിന് സമയമില്ല. അപ്പോള്‍ മത്സരങ്ങള്‍, റിക്കവറി, വീണ്ടും മത്സരങ്ങള്‍, മിക്കവാറും കളിക്കാര്‍ ബുദ്ധിമുട്ടും. അതില്‍ നിന്നെങ്ങനെ മികച്ചത് കണ്ടെത്താനാകുമെന്ന് കാണണം- വുകോമാനോവിച്ച് പറഞ്ഞു.

ബോര്‍ഹ ഹെരേരയാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്. യുവതാരങ്ങളായ ആയുഷ് അധികാരി, യുവമലയാളി താരം വിബിന്‍ മോഹനന്‍ എന്നിവര്‍ക്ക് സീസണിലാദ്യമായി കേരളാ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങാന്‍ ഇന്നലെ അവസരം ലഭിച്ചെന്നതും ശ്രദ്ധേയമാണ്.