ഈ സീസണില്‍ ഇതുവരെ ഞങ്ങള്‍ വളരെയധികം കാര്യങ്ങള്‍ തെളിയിച്ചു കഴിഞ്ഞു; ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകമാനോവിച്ച്

ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച്ച്. ഈസ്റ്റ് ബംഗാളിനെ പരായപ്പെടുത്തി നേടിയ മൂന്ന് പോയിന്റ് ഏറെ വിലപ്പെട്ടതാണെന്നും അത് സാധിക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്നും വുകമാനോവിച്ച്
പറഞ്ഞു.

‘ലീഗ് ഘട്ടം അവസാനത്തോടടുത്തു നില്‍ക്കുന്ന ഈ നിര്‍ണായക അവസരത്തില്‍ ക്ലീന്‍ ഷീറ്റ് സൂക്ഷിക്കാനായതും ഗോള്‍ നേടാനായതും മൂന്നു പോയിന്റുകള്‍ നേടാനായതും നല്ല കാര്യമാണ്. ഈ സീസണില്‍ ഇതുവരെ ഞങ്ങള്‍ വളരെയധികം കാര്യങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. റാങ്കിംഗ് ടേബിളിന്റെ ഏറ്റവും അറ്റത്തുനിന്നുള്ള ടീമുകളില്‍നിന്ന് കഠിനമായ മത്സരങ്ങള്‍ ഞങ്ങള്‍ അഭിമുഖീകരിച്ചു. അവരൊരിക്കലും റാങ്കിംഗില്‍ അവസാന സ്ഥാനക്കാരാകാന്‍ യോഗ്യരല്ല.’

‘ഇന്ന് സാധ്യതകളുടെ അറ്റത്തായിരുന്നു ഞങ്ങള്‍. ഇന്നു ഞങ്ങള്‍ സെറ്റ് പീസില്‍ നിന്ന് ഗോള്‍ നേടി. അതിനായാണ് ഞങ്ങള്‍ കുറച്ചു ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരുന്നത്. ഇന്നത്തെ രാത്രിയില്‍ മാനസീകമായി ഞങ്ങള്‍ കരുത്തരായി നില്‍ക്കേണ്ടിയിരുന്നത് പ്രധാനമായിരുന്നു. സെറ്റ് പീസുകളെ പ്രതിരോധിക്കുമ്പോള്‍ ശ്രദ്ധയോടെ ഇരിക്കേണ്ടതും ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തേണ്ടതും അത്യാവശ്യമായിരുന്നു.’

‘മറുവശത്ത് എതിര്‍ ടീമും അവസരങ്ങള്‍ സൃഷ്ടിച്ചു. തീര്‍ച്ചയായും ഇതൊരു കഠിനമായ മത്സരമായിരുന്നു. കാരണം പല ടീമുകളും പോയിന്റുകള്‍ നേടി മുന്നേറാന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ അത് വളരെ പ്രയാസമേറിയതായിരുന്നു. ഈ അവസരത്തില്‍ ഞങ്ങള്‍ കുറച്ചുകൂടി കാര്യക്ഷമതയോടുകൂടി ക്ഷമയോടുകൂടി മുന്നേറേണ്ടതുണ്ട്’ ഇവാന്‍ വുകമാനോവിച്ച് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് എസ്സി ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. മത്സരത്തിന്റെ നാല്‍പ്പത്തിയൊന്‍പതാം മിനിറ്റില്‍ പ്രതിരോധ താരം എനസ് സിപോവിച്ചാണ് ബ്ലാസ്റ്റേഴ്‌സിനായി വിജയ ഗോള്‍ നേടിയത്.