ഇവാന്റെ വരവ് ആഘോഷമാക്കാന്‍ മഞ്ഞപ്പട, കെണിയൊരുക്കി വീഴ്ത്താന്‍ ഒഡീഷ; ഇന്ന് ആവേശപ്പോര്

ഐഎസ്എല്ലില്‍ കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ്സിയെ നേരിടും. ഈ സീസണില്‍ ആദ്യമായി ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് കളത്തിലിറങ്ങുന്നുവെന്ന പ്രത്യേകതകൂടി ഈ മത്സരത്തിനുണ്ട്. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ എഫ്സിയുമായി നടന്ന പോരിന്റെ പേരില്‍ വിലക്കിലായിരുന്നു ഇവാന്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എട്ട് മണി മുതലാണ് മത്സരം.

ഈ സീസണിലെ ആദ്യ മത്സരത്തില്‍ ബെംഗളുരുവിനെതിരെയും രണ്ടാം മത്സരത്തില്‍ ജംഷെഡ്പൂറിനെതിരെയും വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്സ് എവേ മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട് തോല്‍വിയും വഴങ്ങിയിരുന്നു. നാലാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ സമനിലയില്‍ തളച്ച ബ്ലാസ്റ്റേഴ്സ് നാലു മത്സരങ്ങളില്‍ നിന്നായി ഏഴു പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്.

മുംബൈ സിറ്റി എഫ് സിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട മിലോസ് ഡ്രിന്‍സിച്ച്, മൂന്ന് മത്സര സസ്പെന്‍ഷന്‍ നേരിടുന്ന പ്രബീര്‍ ദാസ് എന്നീ താരങ്ങളുടെ അഭാവത്തിലാകും കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയ്‌ക്കെതിരെ ഇറങ്ങുക. പരിക്കേറ്റ ഐബാന്‍ബ ഡോഹ്ലിങ്ങും ടീമിലിടം പിടിക്കില്ല.

മറുവശത്ത് ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്സിയെ പരാജയപ്പെടുത്തിയ ഒഡിഷ എഫ്സി രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിക്കെതിരെ നടന്ന മത്സരത്തില്‍ സമനില നേടി. എന്നാല്‍ മൂന്നാം മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഒഡിഷ എഫ്സി ഗോവയോട് തോല്‍വി വഴങ്ങി. മൂന്നു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ ഒഡിഷ.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഒഡീഷ എഫ്സിയും 20 തവണയാണ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 8 മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോള്‍ 5 മത്സരങ്ങള്‍ ഒഡീഷ വിജയിച്ചു. ബാക്കിയുള്ള 7 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. കഴിഞ്ഞ സീസണില്‍ ഡിസംബര്‍ ഇരുപത്തിയാറിന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്സ് ഒഡീഷയെ പരാജയപ്പെടുത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ടീം

സച്ചിന്‍ സുരേഷ്, സന്ദീപ് സിങ്, റൂയിവ ഹോര്‍മിപാം, പ്രീതം കോട്ടാല്‍, നവോച്ച സിങ്, കെപി രാഹുല്‍, വിബിന്‍ മോഹനന്‍, ഡാനിഷ് ഫറൂഖ്, അഡ്രിയാന്‍ ലൂണ, ഖ്വാമെ പെപ്ര, ദിമിത്രിയോസ് ഡയമാന്റകോസ്.