അവസാന ലീഗ് ഘട്ട മത്സരത്തിന് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; ഹൈദരാബാദിനെതിരെ ജയം വേണം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണിലെ അവസാന ലീഗ് ഘട്ട മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരബാദ് എഫ്സിയെ നേരിടും. കലൂര്‍ ജവര്‍ഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും പ്ലേ ഓഫില്‍ ഇടം നേടിയ ടീമുകളാണ്. പത്തൊന്‍പത് മത്സരങ്ങളില്‍ നിന്നായി മുപ്പത്തിയൊന്‍പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഹൈദരബാദ് എഫ്സി. പത്തൊന്‍പത് മത്സരങ്ങളില്‍ നിന്നായി മുപ്പത്തിയൊന്ന് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ്.

ഇരു ടീമുകളും അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. ജംഷെഡ്പൂരിനെതിരായ അവസാന ഹോം മത്സരത്തില്‍ 2-3 നാണ് ഹൈദരബാദ് തോല്‍വി വഴങ്ങിയത്. മറുവശത്ത് എടികെ മോഹന്‍ബഗാനെതിരായ എവേ മാച്ചില്‍ 2-1ന് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങി.

ജയത്തിലൂടെ മൂന്നോ നാലോ സ്ഥാനത്തെത്താനായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുക. ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് എടികെ മോഹന്‍ ബഗാനും ബംഗളൂരു എഫ്.സിക്കുമൊപ്പം 34 പോയന്റാവും. എന്നാല്‍, നിലവില്‍ ഗോള്‍ ശരാശരിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇരുടീമുകള്‍ക്കും പിന്നിലാണ്. എടികെയുടെ ഗോള്‍ ശരാശരി +7ഉം ബംഗളൂരുവിന്റേത് +4ഉം ആണ്. ബ്ലാസ്റ്റേഴ്‌സിന്റേതാവട്ടെ +1ഉം.

മൂന്നോ നാലോ സ്ഥാനം നേടിയാല്‍ സ്വന്തം മൈതാനത്ത് പ്ലേഓഫ് കളിക്കാം എന്ന ആനുകൂല്യം ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. മൂന്നും ആറും സ്ഥാനക്കാര്‍ തമ്മിലും നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മിലുമാണ് ഏക പാദ പ്ലേഓഫ് മത്സരങ്ങള്‍.

ഒക്ടോബറില്‍ മുംബൈ സിറ്റി എഫ്സിയോട് 2-0ന് തോറ്റതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഹോം ഗ്രൗണ്ടില്‍ ഒരു പോയിന്റ് പോലും നഷ്ടമായിട്ടില്ല. വിജയത്തോടെ ലീഗ് ഘട്ടം അവസാനിപ്പിക്കാനാഗ്രഹിക്കുന്ന ഇരു ടീമുകള്‍ തമ്മിലുള്ള പോരാട്ടം ആരാധകര്‍ക്ക് ആവേശം നിറഞ്ഞ വിസ്മയങ്ങള്‍ സമ്മാനിക്കുമെന്നുറപ്പ്.