ഐ.എസ്.എല്‍ 2020-21; മുംബൈ സിറ്റിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും നേര്‍ക്കുനേര്‍

ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തില്‍ ഇന്ന് മുംബൈ സിറ്റി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് 7.30-ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കൂടുതല്‍ കരുത്തോടെയാണ് മുംബൈ ഇറങ്ങുന്നത്. യുവപരിശീലകന്‍ ജെറാര്‍ഡ് നുസിന്റെ ശിക്ഷണത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അങ്കപുറപ്പാട്.

നേരത്തെ 12 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണയും വിജയം മുംബൈ സിറ്റിക്കായിരുന്നു. മൂന്ന് തവണ നോര്‍ത്ത് ഈസ്റ്റ് ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയിലായി. മുംബൈ ആകെ പതിനേഴ് ഗോള്‍ നേടിയപ്പോള്‍ 12 ഗോളാണ് നോര്‍ത്ത് ഈസ്റ്റിന്റെ അക്കൗണ്ടിലുള്ളത്.

Image

പ്രീ സീസണില്‍ ഗംഭീര പ്രകടനമാണ് മുംബൈ നിര കാഴ്ചവെച്ചത്. ഒഡിഷയെ 3-2ന് തോല്‍പ്പിച്ച മുംബൈ രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനോട് ഗോള്‍രഹിത സമനില വഴങ്ങി. മൂന്നാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയെ 1-0ന് തോല്‍പ്പിച്ച അവര്‍ 1-0ന് ബംഗളൂരു എഫ്സിയേയും കീഴടക്കിയിരുന്നു.

Image

പ്രീ സീസണില്‍ രണ്ട് മത്സരം കളിച്ചാണ് നോര്‍ത്ത് ഈസ്റ്റ് ആദ്യ പോരാട്ടത്തിനൊരുങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷദ്പൂരിനോട് ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ ഹൈദരാബാദിനെ 2-1ന് തോല്‍പ്പിച്ചു. ഐ.എസ്.എല്ലില്‍ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും എതിരാളികള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.