പിന്നോട്ടു വലിച്ച് പരിക്കും വിലക്കും; ബ്ലാസ്റ്റേഴ്സിന് ഇന്ന് അഗ്നിപരീക്ഷ

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പത്താം സീസണിലെ നാലാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. അവസാന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിക്കെതിരെ തോല്‍വി വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിലൂടെ ഒരു തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്.

ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്സിയെ 2-1ന് തോല്‍പ്പിച്ച് സീസണ്‍ ആരംഭിച്ച കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെ 1-0ന് പരാജയപ്പെടുത്തിയിരുന്നു. സീസണിലിതുവരെ മൂന്ന് മത്സരങ്ങളില്‍ രണ്ടു വിജയവും ഒരു തോല്‍വിയും വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആറ് പോയിന്റുമായി ഐഎസ്എല്‍ 2023-24 റാങ്കിംഗില്‍ നാലാം സ്ഥാനത്താണ്.

താരങ്ങളുടെ പരിക്കും വിലക്കും ബ്ലാസ്റ്റേഴ്‌സിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിലെ കൈയാങ്കളിയുടെ പേരില്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായ സെന്റര്‍ ബാക്ക് മിലോസ് ഡ്രിന്‍സിച് മൂന്ന് മത്സരങ്ങളില്‍നിന്ന് പുറത്താണ്. പകരം, ഇറങ്ങേണ്ട സെന്റര്‍ ബാക്ക് മാര്‍ക്കോ ലെസ്‌കോവിച്ചാകട്ടെ പരുക്കു ഭേദമായെങ്കിലും കളത്തിലിറങ്ങാന്‍ സജ്ജനായിട്ടില്ല.

മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ കൈയാങ്കളിയില്‍ ഉള്‍പ്പെട്ട റൈറ്റ് ബാക്ക് പ്രബീര്‍ ദാസിനും മൂന്നു മത്സരങ്ങളില്‍നിന്നു വിലക്കുണ്ട്. തോളിനു പരുക്കേറ്റ മധ്യനിര താരം ജീക്‌സണ്‍ സിംഗും പുറത്താണ്. താരം കളത്തിലേക്ക് മടങ്ങിയെത്താന്‍ 3 മാസമെങ്കിലുമെടുക്കും. പരിക്കേറ്റ ലെഫ്റ്റ് ബാക്ക് ഐബന്‍ഭ ദോലിങ്ങും കളത്തിനു പുറത്താണ്.

മറുവശത്ത്, സീസണിലെ അവസാന മത്സരത്തില്‍ പഞ്ചാബ് എഫ്സിക്കെതിരെ 1-1-ന് സമനില വഴങ്ങിയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്.  ഈ സീസണില്‍ നിയമിതനായ മുഖ്യ പരിശീലകന്‍ ജുവാന്‍ പെഡ്രോ ബെനാലിയുടെ കീഴില്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ 1-2 ന് മുംബൈ സിറ്റിയോട് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെട്ടിരുന്നു.

തുടര്‍ന്ന് നടന്ന സീസണിലെ രണ്ടാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയെ 3-0ന് തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് വിജയം നേടി. സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് പോയിന്റുകള്‍ നേടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

ഐഎസ്എല്‍ ചരിത്രത്തിലിതുവരെ പതിനെട്ടു മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഈ മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മികച്ച റെക്കോര്‍ഡാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. നോര്‍ത്ത് ഈസ്റ്റിനെതിരെ ഇതുവരെ കളിച്ച പതിനെട്ടു മത്സരങ്ങളില്‍ എട്ടിലും ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് നാല് വിജയങ്ങള്‍ നേടി. ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

ഐഎസ്എല്ലില്‍ കഴിഞ്ഞ ജനുവരിയില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-0-ന് പരാജയപ്പെടുത്തിയിരുന്നു.

സാധ്യതാ പ്ലേയിംഗ് ഇലവന്‍

കേരള ബ്ലാസ്റ്റേഴ്‌സ്: സച്ചിന്‍ സുരേഷ് (ഗോള്‍കീപ്പര്‍); പ്രബീര്‍ ദാസ്, പ്രീതം കോട്ടാല്‍, മിലോസ് ഡ്രിന്‍സിച്ച്, ഐബന്‍ഭ ഡോഹ്ലിംഗ്; ഡെയ്സുകെ സകായ്, ജീക്സണ്‍ സിംഗ് തൗണോജം, വിബിന്‍ മോഹനന്‍, അഡ്രിയാന്‍ ലൂണ; ഡാനിഷ് ഫാറൂഖ്, ഡിമിട്രിയോസ് ഡയമന്റകോസ്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്: മിര്‍ഷാദ് മിച്ചു (ഗോള്‍കീപ്പര്‍); സൊറൈഷാം ദിനേശ് സിംഗ്, അഷീര്‍ അക്തര്‍, മിഷേല്‍ സബാക്കോ, ടോണ്ടന്‍ബ സിംഗ്, റൊമെയ്ന്‍ ഫിലിപ്പോക്‌സ്, മുഹമ്മദ് അലി ബെമാമര്‍; പാര്‍ത്ഥിബ് ഗൊഗോയ്, കോണ്‍സം ഫാല്‍ഗുനി സിംഗ്, മന്‍വീര്‍ സിംഗ്; നെസ്റ്റര്‍ ആല്‍ബിയച്ച്.