ഗോവയുടെ കോച്ചിനെ എ.ടി.കെ ബഗാന്‍ റാഞ്ചിയത് വന്‍തുക വാരിയെറിഞ്ഞ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബ് എഫ്‌സി ഗോവയുടെ പരിശീലകനായിരുന്ന യുവാന്‍ ഫെറാണ്ടോയെ എടികെ മോഹന്‍ ബഗാന്‍ റാഞ്ചിയത് ഒരു കോടി രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫെറാണ്ടോയെ സ്വന്തമാക്കാന്‍ എടികെ മോഹന്‍ ബഗാന്‍ ഗോവയ്ക്ക് നല്‍കിയ കൈമാറ്റത്തുക ഒരു കോടിയാണെന്ന് ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എഫ്സി ഗോവയെ ലീഗിന്റെ പാതിവഴിക്ക് ഉപേക്ഷിച്ചാണ് ഫെറാണ്ടോ കൊല്‍ക്കത്തയിലേക്ക് പാളയം മാറ്റിയത്.

ഫെറാണ്ടോ കൂടു മാറിയ സാഹചര്യത്തില്‍ സഹപരിശീലകന്‍ ക്ലിഫോര്‍ഡ് മിറാന്‍ഡയ്ക്ക് കോച്ചിന്റെ ചുമതല നല്‍കിയിരിക്കുകയാണ് എഫ്‌സി ഗോവ. എടികെയുടെ പരിശീലകനായിരുന്ന അന്റോണിയോ ഹബാസ് ടീം വിട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഹബാസ് പരിശീലകസ്ഥാനം രാജിവെച്ചത്. ഇതോടെ ഗോവന്‍ പരിശീലകനായ ഫെറാണ്ടോയ്ക്ക് പിന്നാലെ എടികെ കൂടുകയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ഫെറാണ്ടോയുടെ രാജി. തിങ്കളാഴ്ച ഗോവന്‍ ക്ലബ്ബിനോട് വിട പറഞ്ഞ ഫെറണ്ടോ കൊല്‍ക്കത്തയില്‍ എത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ഫെറാണ്ടോയെ പുതിയ പരിശീലകനായി നിയമിച്ച് എടികെ മോഹന്‍ ബഗാന്റെ പ്രഖ്യാപനവും വന്നു.

ഐഎസ്എല്ലില്‍ രണ്ടു തവണ അത്‌ലറ്റിക്കോ കൊല്‍ക്കത്തയെ കിരീടം ചൂടിച്ച ഹബാസിന് ഈ സീസണ്‍ തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒന്നില്‍ പോലും എടികെയ്ക്ക് വിജയം കണ്ടെത്താനായിരുന്നില്ല.

അതേസമയം, ഫെറാണ്ടോയ്ക്ക് കീഴില്‍ എഫ്‌സി ഗോവയ്ക്കും സ്ഥിതി അത്ര ഗുണകരമല്ല. ആറു മത്സരങ്ങളില്‍ രണ്ടു വിജയം മാത്രമുള്ള അവര്‍ ഏഴു പോയിന്റുമായി എട്ടാമതാണ്. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദുമായി എഫ്‌സി ഗോവ സമനിലയില്‍ കുരുങ്ങിയിരുന്നു.