നാല് തവണ വല കുലുക്കി അര്‍ജന്റീന, മൂന്നും ഓഫ്‌സൈഡ്; ഗോള്‍ വേട്ട തുടങ്ങി മെസി

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് സിയിലെ ആദ്യമത്സരത്തില്‍ ലയണല്‍ മെസിയുടെ ഗോളിലൂടെ ആദ്യ പകുതിയില്‍ മുന്നിലെത്തി അര്‍ജന്റീന മുന്നിലെത്തി (1-0). കോര്‍ണര്‍ കിക്ക് എടുക്കെ സൗദി ബോക്സിനകത്ത് അര്‍ജന്റീന താരം ലിയണാഡ്രോ പരേദസിനെ അല്‍ ബുലയാഹി വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കിയാണ് മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ഇതോടെ ലോകകപ്പിലെ മെസിയുടെ ഗോള്‍ നേട്ടം ഏഴായി ഉയര്‍ന്നു.

ഈ ഗോളിനു ശേഷം മൂന്നു തവണ കൂടി പന്ത് സൗദി വല കുലുക്കിയെങ്കിലും അതെല്ലാം ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങിയത് തിരിച്ചടിയായി. 22ാം മിനിറ്റില്‍ തകര്‍പ്പന്‍ ഒറ്റയാന്‍ മുന്നേറ്റത്തിലൂടെ മെസി വീണ്ടും ആരാധകരെ ഇളക്കിമറിച്ചെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിളിച്ചു. പിന്നാലെ 28ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്സിലൂടെ അര്‍ജന്റീന വലകുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി അത് ഓഫ് സൈഡ് വിളിച്ചു.

34ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതും ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങി. അര്‍ജന്റീന 4-2-3-1 ശൈലിയില്‍ കളിക്കുമ്പോള്‍ സൗദി അറേബ്യ 4-4-1-1 ശൈലിയിലാണ് കളിക്കുന്നത്. അപരാജിതരായി 36 മത്സരങ്ങള്‍ എന്ന പകിട്ടോടെയാണ് ഇന്ന് അര്‍ജന്റീന ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്.

ടീം- അര്‍ജന്റീന: എമിലിയാനോ മാര്‍ട്ടിനെസ്, ഓട്ടാമെന്‍ഡി, ടാഗ്ലിയാഫികോ, ക്രിസ്റ്റ്യന്‍ റൊമേറോ, മൊളീന, മാക് അലിസ്റ്റര്‍, ഡി പോള്‍, പാരഡെസ്, ഡി മരിയ, മാര്‍ട്ടിനെസ്, മെസ്സി, ഗോമസ് വില്ലവെര്‍ഡെ.