സിഫ്‌നിയോസ് വീണ്ടും ഐസ്എല്ലിലേക്ക്; സ്വന്തമാക്കുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ ബദ്ധവൈരികള്‍

പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും പിരിഞ്ഞ ഡച്ച് താരം മാര്‍ക്ക് സിഫ്‌നിയോസ് വീണ്ടും ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുന്നു. ഈ സീസണിലെ ഹോം ആന്റ് എവേ മത്സരങ്ങളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പഞ്ഞിക്കിട്ട എഫ്‌സി ഗോവയിലേക്കാണ് താരം തിരിച്ചെത്തുന്നത്.

ഗോവ ടീമിലുണ്ടായിരുന്ന സ്പാനിഷ് സ്‌ട്രൈക്കര്‍ അഡ്രിയാന്‍ കൊലുങ്കയെ പുറത്താക്കിയ സ്ഥാനത്തേക്കാണ് സിഫ്‌നിയോസിനെ എഫ്‌സി ഗോവ പരിഗണിക്കുന്നത്. ലാസ് പാമസ്, റയല്‍ സരഗോസ, സ്‌പോര്‍ട്ടിങ് ഗിജോണ്‍, ഗറ്റാഫെ, ഗ്രാനഡ എന്നീ ക്ലബ്ബുകളില്‍ കളിപരിചയത്തോടെ എത്തിയ കൊലുങ്കയ്ക്ക് ഗോവയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

അതേസമയം, പരിശീലകന്‍ സെര്‍ജിയോ ലൊബേറയുമായുള്ള പ്രശ്‌നങ്ങളാണ് താരം ക്ലബ് വിടാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിഫ്‌നിയോസ് വീണ്ടും ഐഎസ്എല്ലില്‍ തിരിച്ചെത്തിയേക്കുമെന്നുള്ള വാര്‍ത്തകള്‍ ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടലുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലുങ്ക പോയതോടെ വിദേശ താരത്തെ സ്വന്തമാക്കാനുള്ള അവസരം സിഫ്‌നിയോസിലൂടെ ഉപയോഗപ്പെടുത്താനാണ് ഗോവ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഫോം കണ്ടെത്തിയ ചുരുക്കം ചില താരങ്ങളിലൊരാളായ 21കാരനായ സിഫ്‌നിയോസ് കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. താരം ക്ലബ്ബ് വിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും നീക്കം ആരാധകെ അമ്പരപ്പിച്ചിരുന്നു.