അംഗുലോയെ കൈവിട്ട എഫ്‌സി ഗോവയ്ക്ക് പണി കിട്ടി; മുംബൈ എഫ്‌സിയുടെ ജയം മൂന്ന് ഗോളിന്

ഐഎസ്എല്‍ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ സിറ്റി എഫ്‌സി ജയത്തോടെ തുടങ്ങി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എഫ്‌സി ഗോവയെയാണ് മുംബൈ സിറ്റി കീഴടക്കിയത്. എഫ്‌സി ഗോവയില്‍ നിന്ന് കൂടുമാറിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഇഗോര്‍ അംഗുലോയുടെ മിന്നും പ്രകടനമാണ് മുംബൈ സിറ്റിക്ക് ആധികാരിക ജയം സമ്മാനിച്ചത്.

എഫ്‌സി ഗോവയുടെ പ്രതിരോധപ്പിഴവുകള്‍ മുതലെടുത്താണ് മുംബൈ സിറ്റിയുടെ ജയം. ചാമ്പ്യന്‍മാര്‍ക്കായി അംഗുലൊ ഇരട്ട ഗോളുകള്‍ നേടി. 33, 36 മിനിറ്റുകളിലായിരുന്നു അംഗുലോയുടെ സ്‌ട്രൈക്കുകള്‍.

രണ്ടാം പകുതിയില്‍ ഗോവയുടെ വല മുംബൈ സിറ്റി ഒരു തവണ കൂടി തുളച്ചു. 76-ാം മിനിറ്റില്‍ വൈ. കറ്റാറ്റൊ മുംബൈ സിറ്റിയുടെ മൂന്നാം ഗോളിന് പിറവികൊടുത്തു.