എംബാപെയെ നോട്ടമിട്ട് ഇംഗ്ലീഷ് കരുത്തന്‍; വാര്‍ഷിക പ്രതിഫലം ക്രിസ്റ്റ്യാനോയ്ക്കും മേലെ

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ യുവ പ്രതിഭ കെയ്‌ലിയന്‍ എംബാപെയെ നോട്ടമിട്ട് ഇംഗ്ലീഷ് വമ്പന്‍ ലിവര്‍പൂള്‍. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡുമായി ഇക്കാര്യത്തില്‍ ലിവര്‍പൂള്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലിവര്‍പൂളുമായി കരാര്‍ സാധ്യമായാല്‍ പ്രീമിയര്‍ ലീഗില്‍ തന്റെ ആരാധ്യ പുരുഷന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്‍കുന്നതിനെക്കാള്‍ വാര്‍ഷിക പ്രതിഫലം എംബാപെയ്ക്ക് സ്വന്തമാകും.

ഉശിരന്‍ ഫോമിലുള്ള എംബാപെയ്ക്കായുള്ള മത്സരത്തില്‍ റയല്‍ മാഡ്രിഡനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ താരത്തെ പാളയത്തിലെത്തിക്കാന്‍ ലിവര്‍പൂള്‍ കിണഞ്ഞു ശ്രമിക്കുമെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഏകദേശം 25 ദശലക്ഷം പൗണ്ട് (250 കോടിയോളം രൂപ) എംബാപെയ്ക്ക് ലിവര്‍പൂള്‍ വാര്‍ഷിക പ്രതിഫലം വാഗ്ദാനം ചെയ്യുമെന്നും പറയപ്പെടുന്നു. ക്രിസ്റ്റ്യാനോയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 172 കോടി രൂപ വാര്‍ഷിക പ്രതിഫലമാണ് ലഭിക്കുന്നത്.

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വരവോടെ പിഎസ്ജിയില്‍ എംബാപെ ഒതുക്കപ്പെടുമെന്ന കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. മെസി ഗോളടിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ എംബാപെ പിഎസ്ജിയുടെ തുറുപ്പുചീട്ടിന്റെ സ്ഥാനം കാക്കുന്നു. 2021-22 സീസണില്‍ പതിനാറ് മത്സരങ്ങളില്‍ നിന്ന് ഏഴു ഗോളുകളും 11 അസിസ്റ്റുകളും എംബാപെ പിഎസ്ജിക്ക് സംഭാവന ചെയ്തിട്ടുണ്ട്.