ക്രിസ്റ്റ്യാനോ യുവന്റസ് വിട്ടില്ലെങ്കില്‍ നിരാശപ്പെടുക പഴയ ഗുരുനാഥന്‍

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് ഫ്രഞ്ച് ടീം പിഎസ്ജിയിലേക്കുള്ള അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കൂടുമാറ്റം എല്ല കണ്ണുകളെയും പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡയില്‍ എത്തിച്ചു. ഇറ്റലിയിലെ യുവന്റസ് വിട്ട് ക്രിസ്റ്റ്യാനോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോയെന്ന ചോദ്യം ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സിആര്‍7ന് തന്നെ അതിനു മറുപടി നല്‍കി. ആ മറുപടി ക്രിസ്റ്റ്യാനോയുടെ പഴയ ആശാന്‍ ഹോസെ മൗറീഞ്ഞോയെ അല്‍പ്പം നിരാശപ്പെടുത്തുന്നതുമായി.

യുവന്റസ് വിട്ട് പഴയ ക്ലബ്ബായ സ്‌പെയ്‌നിലെ റയല്‍ മാഡ്രിഡിലേക്ക് റോണോ പോകുമെന്ന വാര്‍ത്തയാണ് ഏറെ സജീവമായിരുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുമായും ക്രിസ്റ്റ്യാനോയെ ബന്ധപ്പെടുത്തിയും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഇല്ലാത്ത വാര്‍ത്തകള്‍ പരത്തി തന്നെ അപമാനിക്കരുതെന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്. യുവന്റസ് ഏല്‍പ്പിച്ച ദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റോണ വ്യക്തമാക്കി.

ക്രിസ്റ്റ്യാനോ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ മൗറീഞ്ഞോ വിഷമിക്കും. സീരി എയില്‍ റോമയുടെ കോച്ചാണ് മൗറീഞ്ഞോ. യുവന്റസുമായി റോമ ഏറ്റുമുട്ടുമ്പോള്‍, ശിഷ്യനായ ക്രിസ്റ്റ്യാനോയുമായും മൗറീഞ്ഞോയ്ക്ക് കൊമ്പുകോര്‍ക്കേണ്ടി വരും. ഒക്ടോബര്‍ മധ്യത്തില്‍ റോമയും യുവന്റസും തമ്മിലെ കളിയുണ്ട്. അതുകൊണ്ടാണ് മൂന്ന് സീസണുകളില്‍ റയലില്‍ തന്റെ ശിഷ്യനായിരുന്ന ക്രിസ്റ്റ്യാനോ ഇറ്റലി വിട്ടുപോകണമെന്ന് മൗറീഞ്ഞോ ആഗ്രഹിക്കുന്നത്. അതിലൂടെ തനിക്ക് സമാധാനം ലഭിക്കുമെന്നും മൗറീഞ്ഞോ കരുതുന്നു.