റഫറി അനുവദിച്ച പെനല്‍റ്റി വേണ്ടെന്ന് റൊണാള്‍ഡോ, ഞെട്ടി ആരാധകര്‍, മത്സരം ഗോള്‍രഹിതം!

ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ പെര്‍സെപൊളിനിനെതിരെയുള്ള മത്സരത്തിനിടെ റഫറി അനുവദിച്ച പെനല്‍റ്റി വേണ്ടെന്ന് പറഞ്ഞ് ആരാധകരെ അമ്പരപ്പിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പെര്‍സെപോളിസ് ഡിഫന്‍ഡറുടെ കാലില്‍ തട്ടി റൊണാള്‍ഡോ പെനല്‍റ്റി ബോക്‌സില്‍ വീണതിന് പിന്നാലെയാണ് റഫറി സ്‌പോട്ട് കിക്കിനായി വിരല്‍ ചൂണ്ടിയത്.

എന്നാല്‍ അത് ഫൗളല്ലെന്നും ഡിഫന്‍ഡറുടെ കാലില്‍ തട്ടി താന്‍ വീഴുകയായിരുന്നുവെന്നും പെനല്‍റ്റി വിധിച്ച തീരുമാനം പിന്‍വലിക്കണമെന്നും റൊണാള്‍ഡോ റഫറിക്ക് അടുത്തെത്തി ബോധ്യപ്പെടുത്തി. തുടര്‍ന്ന് റഫറി വാര്‍ പരിശോധന നടത്തിയശേഷം അല്‍ നസ്‌റിന് അനുകൂലമായി വിധിച്ച പെനല്‍റ്റി റദ്ദാക്കുകയും ചെയ്തു.

തുടര്‍ന്ന് കഴുത്തിന് പേശീവലിവിനെ തുടര്‍ന്ന് കളിയുടെ 77ാം മിനിറ്റില്‍ റൊണാള്‍ഡോ കളം വിട്ടു. മത്സരത്തില്‍ അല്‍ നസറിനെതിരെ മികച്ച പ്രകടനമാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ രണ്ടുതവണ റണ്ണേഴ്‌സ് അപായ പെര്‍സെപൊളിസ് പുറത്തെടുത്തത്.

ഗോള്‍രഹിത സമനിലയില്‍ കളി അവസാനിച്ചുവെങ്കിലും അല്‍നസര്‍ നോക്കൗട്ടില്‍ കടന്നു. വെള്ളിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ അല്‍ നസര്‍ ചിരവൈരികളായ അല്‍ ഹിലാലിനെ നേരിടും.