പഴയം തട്ടകം തേടി ക്രിസ്റ്റ്യാനോ; യുവന്റസിനെ കൈവിട്ടേക്കും

ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ ഒട്ടും തൃപ്തനല്ല പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗോളടി മികവിന് കുറവില്ലെങ്കിലും ടീമിനായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിക്കാത്തതിന്റെ നിരാശ ക്രിസ്റ്റ്യാനോയ്ക്കുണ്ട്. സീരി എ ട്രോഫി നഷ്ടമായതും റോണോയുടെ സങ്കടമേറ്റിയിരുന്നു. അതിനാല്‍ത്തന്നെ യുവന്റസിനെ കൈവിടാനുള്ള മനസുമായാണ് സിആര്‍ 7 നടക്കുന്നത്.

സീസണിന് മുന്നോടിയായി യുവന്റസിന്റെ പരിശീലന ക്യാമ്പിനൊപ്പം ക്രിസ്റ്റ്യാനോ ചേര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും താരം യുവന്റസില്‍ തുടരുമെന്നത് ഉറപ്പാക്കുന്നില്ല. മുന്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിലോ അതല്ലെങ്കില്‍ ഫ്രഞ്ച് ടീം പിഎസ്ജിയിലോ പോകാനാണ് ക്രിസ്റ്റ്യാനോയുടെ ശ്രമം. എന്നാല്‍ യുവ പ്രതിഭ കെയ്ലിയന്‍ എംബാപെയെ പിഎസ്ജി വിറ്റാല്‍ മാത്രമേ ക്രിസ്റ്റ്യാനോയുടെ ലീഗ് വണ്‍ പ്രവേശം സാദ്ധ്യമാകൂ.

എംബാപയെ റയല്‍ വാങ്ങിയാല്‍ ക്രിസ്റ്റ്യാനോ പിഎസ്ജിയിലേക്ക് പോയേക്കും. അതല്ലെങ്കില്‍ റയലിന്റെ പാളയത്തിലാവും ക്രിസ്റ്റ്യാനോയുടെ കണ്ണ്. പരിശീലക സ്ഥാനത്ത് കാര്‍ലോ ആന്‍സലോട്ടിയുടെ വരവും റയലിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ പുനഃപ്രവേശത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക പ്രശ്നത്തിലുള്ള യുവന്റസും വലിയ ശമ്പളക്കാരനായ ക്രിസ്റ്റ്യാനോയെ വില്‍ക്കാന്‍ സന്നദ്ധരാണെന്നാണ് റിപ്പോര്‍ട്ട്.