മാഞ്ചസ്റ്റര്‍ ചരിത്രം എഴുതിയ മത്സരത്തില്‍ ഗോളടിക്കാനായില്ല ; കോച്ചിനോട് തട്ടിക്കയറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചരിത്രമെഴുതിയ മത്സരത്തില്‍ കോച്ചിനോട് തട്ടിക്കയറി ക്രിസ്ത്യാനോ റൊണാള്‍ഡോ. പ്രീമീയര്‍ ലീഗില്‍ എതിരാളികളുടെ തട്ടകത്തില്‍ 300 വിജയം നേടിയ ആദ്യ ടീമെന്ന ഖ്യാതി നേടിയ മത്സരത്തില്‍ ടീമിനായി ഗോളടിച്ചത് ടീമിലെ പുതിയ 19 കാരനും ഗ്രീന്‍വുഡും പകരക്കാരനായി കളത്തിലെത്തിയ മാര്‍ക്കസ് റാഷ്‌ഫോഡുമായിരുന്നു. തന്നെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തതിന് സൂപ്പര്‍താരം ക്രിസ്ത്യാനോ കോച്ചിനോട് തട്ടിക്കയറുകയും ചെയ്തു.

71 ാം മിനിറ്റില്‍ തന്നെ പിന്‍വലിച്ച് ഹാരി മഗ്വെയറെ കളത്തിലേക്ക് വിട്ടതാണ് ക്രിസ്ത്യാനോയെ ചൊടിപ്പിച്ചത്. പരിശീലകന്‍ റാള്‍ഫ് റാങ്നിക്കിനെ പ്രതിഷേധം അറിയിച്ച റൊണാള്‍ഡോ ജാക്കെറ്റ് സീറ്റിലേക്ക് വലിച്ചെറിയുകയും ചെയ്തു. റൊണാള്‍ഡോയുടെ സീറ്റിന് അരികിലെത്തി റാങ്നിക്ക് സംസാരിച്ചശേഷമാണ് അദ്ദേഹം തണുത്തത്.  മത്സരത്തില്‍ 19കാരനായ സ്വീഡിഷ് താരം ആന്റണി എലാന്‍ഗയുടേയും ഗ്രീന്‍വുഡിന്റെയും ഗോളുകളില്‍ യുണൈറ്റഡ് മുന്നിട്ടു നില്‍ക്കുമ്പോഴാണ് റാങ്നിക്ക് റൊണാള്‍ഡോയെ കളത്തില്‍നിന്ന് പിന്‍വലിച്ചത്. മാര്‍ക്കസ് റാഷ്‌ഫോഡായിരുന്നു യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ നേടിയത്.

ബ്രെന്റ്‌ഫോര്‍ഡിനെതിരേ 3-1 നായിരുന്നു ടീമിന്റെ വിജയം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന റിക്കാര്‍ഡും യുണൈറ്റഡ് കരസ്ഥമാക്കി. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 60 വ്യത്യസ്ത സ്റ്റേഡിയങ്ങളില്‍ കളിച്ചതില്‍ 55-ാം സ്റ്റേഡിയത്തിലെ ജയവുമാണ്. ലിവര്‍പൂള്‍ (57) മാത്രമാണ് ഈ നേട്ടത്തില്‍ യുണൈറ്റഡിനു മുന്നില്‍. ഇടുപ്പ് പ്രശ്നത്തെ തുടര്‍ന്ന് രണ്ട് മത്സരത്തിന്റെ ഇടവേളയ്ക്കുശേഷമാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളത്തിലെത്തുന്നത്. മത്സരത്തില്‍ താരം ഗോളടിച്ചില്ല.