ചെകുത്താന്‍മാരുടെ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോ ഇറങ്ങി; ഗോള്‍ വേട്ടയ്ക്ക് ആരംഭം

ഒരു വ്യാഴവട്ടത്തിനുശേഷം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുപ്പായം വീണ്ടും അണിഞ്ഞ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍വേട്ട തുടങ്ങി. പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് (45+2-ാം മിനിറ്റ്) റോണോ വെടിപൊട്ടിച്ചത്.

ചുവന്ന ചെകുത്താന്‍മാരുടെ പാളയത്തില്‍ രണ്ടാം അരങ്ങേറ്റത്തിന് ഇറങ്ങിയ ക്രിസ്റ്റ്യാനോയെ ഓള്‍ ട്രാഫോര്‍ഡിലെ ഗാലറി ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഒന്നാം പകുതിയില്‍ ഏറെ നേരം സിആര്‍7നെ ഗോളടിക്കാതെ പിടിച്ചു നിര്‍ത്താന്‍ ന്യൂകാസിലിന് സാധിച്ചു. ക്രിസ്റ്റ്യാനോയുടെ ഒരു വലംകാല്‍ വോളി സൈഡ്‌നെറ്റിലേക്ക് പോകുന്നതിനും കാണികള്‍ സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് പോര്‍ച്ചുഗലിലെ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസുമൊത്ത് ചില നീക്കങ്ങള്‍ ക്രിസ്റ്റ്യാനോയുടെ ഭാഗത്തുനിന്നുണ്ടായി.

ഒടുവില്‍ ഒന്നാം പകുതി അന്ത്യത്തിലേക്ക് അടുക്കവെ ക്രിസ്റ്റ്യാനോ മൂര്‍ച്ച കാട്ടി. ബോക്‌സിന് പുറത്തു നിന്ന് മാസണ്‍ ഗ്രീന്‍വുഡ് തൊടുത്ത ഷോട്ട് ന്യൂകാസില്‍ ഗോളിക്ക് ഫലപ്രദമായി സേവ് ചെയ്യാന്‍ സാധിച്ചില്ല. വഴിതെറ്റി വന്ന പന്ത് പിടിച്ച ക്രിസ്റ്റ്യാനോ അനായാസം സ്‌കോര്‍ ചെയ്തു.