സൂപ്പര്‍ താരത്തിന് കോവിഡ്; ഇംഗ്ലണ്ടിലെ വമ്പന് കനത്ത പ്രഹരം

ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയംകാരനായ മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രുയീന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിറ്റിയുടെ അടുത്ത പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ഡി ബ്രുയീന് നഷ്ടമാകും.

ബെല്‍ജിയത്തിനുവേണ്ടി കളിക്കവെയാണ് ഡി ബ്രുയീന് കോവിഡ് ബാധിച്ചത്. ഇക്കാര്യം സിറ്റി കോച്ച് പെപ്പ് ഗാര്‍ഡിയോള സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ടിലുള്ള ഡിബ്രുയീന്‍ ഐസൊലേഷനിലാണ്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച താരത്തിന് നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പ്രീമിയര്‍ ലീഗില്‍ നാളെ എവര്‍ട്ടനെതിരെയാണ് സിറ്റിയുടെ അടുത്ത കളി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയെയും ബുധനാഴ്ച സിറ്റി നേരിടുന്നുണ്ട്. ഈ രണ്ടു കളികളിലും മാഞ്ചസ്റ്റര്‍ സിറ്റി നിരയില്‍ ഡി ബ്രുയീന്‍ ഉണ്ടാകില്ലെന്നത് ഉറപ്പായിക്കഴിഞ്ഞു.