ഛേത്രിപ്പട ജയത്തോടെ തുടങ്ങി; നോര്‍ത്ത് ഈസ്റ്റിന് നിരാശ

ഐഎസ്എല്ലില്‍ മുന്‍ ചാമ്പ്യന്‍ ബംഗളൂരു എഫ്‌സി ഉശിരന്‍ ജയത്തോടെ തുടങ്ങി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് സുനില്‍ ഛേത്രിയും സംഘവും കീഴടക്കിയത്.

ഒന്നാം പകുതിയില്‍ ആക്രമണോത്സുക ഫുട്‌ബോള്‍ കളിച്ച ബെംഗളൂരുവിനായി ക്ലെയ്റ്റണ്‍ സില്‍വ (14-ാം മിനിറ്റ്), ജയേഷ് റാണ (42), പ്രിന്‍സ് ഇബാറ (82) എന്നിവര്‍ ലക്ഷ്യം കണ്ടു. 22-ാം മിനിറ്റില്‍ മഷൂര്‍ ഷെറീഫിന്റെ സെല്‍ഫ് ഗോളും ബംഗളൂരുവിന്റെ അക്കൗണ്ടില്‍ ചേര്‍ന്നു.

പൊരുതിക്കളിച്ച് ഇടവേളയ്ക്ക് മുന്‍പ് രണ്ടു തവണ തിരിച്ചടിച്ച നോര്‍ത്ത് ഈസ്റ്റിനായി ഡെഷോണ്‍ ബ്രൗണ്‍ (17), മത്യാസ് കൗറിയോര്‍ (25) എന്നിവര്‍ ലക്ഷ്യം കണ്ടു.