'അര്‍ജന്റീന കിരീടം നേടിയാല്‍ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും'; തുറന്നുപറഞ്ഞ് റൊണാള്‍ഡോ

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ജയിച്ചാല്‍ താന്‍ അതില്‍ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകുമെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ. ലോകകപ്പില്‍ ശേഷിക്കുന്ന നാലു ടീമുകളില്‍ കിരീടം നേടുന്ന ടീമിനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് റൊണാള്‍ഡോ ഇക്കാര്യം പറഞ്ഞത്.

മുഴുവന്‍ ബ്രസീലിനും വേണ്ടി എനിക്ക് ഉത്തരം പറയാനാവില്ല. എന്റെ ഉത്തരം ഞാന്‍ പറയാം. ലയണല്‍ മെസി ലോകകപ്പ് നേടുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍, അര്‍ജന്റീന നേടിയാല്‍ സന്തോഷിക്കുമെന്ന് പറയുന്നത് ആത്മവഞ്ചനയാകും. അങ്ങനെ പറഞ്ഞാല്‍ അത് തെറ്റാണ്.

ഫുട്ബാളില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മഹത്തായ വൈരം നിങ്ങള്‍ക്ക് അറിയാവുന്നതല്ലേ. തീര്‍ച്ചയായും ഫുട്ബാള്‍ വളരെ റൊമാന്റിക്കായി കാണുന്നയാളാണ് ഞാന്‍. ആര് ജയിച്ചാലും ഞാനത് ആസ്വദിക്കും- റൊണാള്‍ഡോ പറഞ്ഞു.

അതേസമയം, ആദ്യ സെമിഫൈനലില്‍ ക്രൊയേഷ്യയെ 3-0 ന് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചു. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടിയ മത്സരത്തില്‍, ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസി വകയായിരുന്നു.

രണ്ടാം സെമിയില്‍ ഫ്രാന്‍സ് ഇന്ന് മൊറോക്കോയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം.  ഈ മാസം 18നാണ് ഫൈനല്‍ പോരാട്ടം.