മുംബൈയെ മുക്കി ബ്ലാസ്റ്റേഴ്‌സ്; ഒന്നാമന്‍മാരെ ഞെട്ടിച്ച ജയം

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആധികാരിക ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പോയിന്റ് ടേബിളിലെ ഒന്നാമന്‍മാരായ മുംബൈ സിറ്റി എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്.

ഏകപക്ഷീയമായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനായി സഹല്‍ അബ്ദുള്‍ സമദ് (27), അല്‍വാരോ വാസ്‌ക്വസ് (47) യോര്‍ഗെ പെരേര ഡിയാസ് (51) എന്നിവര്‍ സ്‌കോര്‍ ചെയ്തു. സഹലിന്റെ ഗോളിന് വഴിയൊരുക്കിയ ഡിയാസ് പെനല്‍റ്റിയില്‍ നിന്നായിരുന്നു സ്‌കോര്‍ ചെയ്തത്.

ഡിയാസിനെ മൗര്‍ട്ടാഡ ഫാള്‍ ചെയ്തതിനാണ് ബ്ലാസ്‌റ്റേഴ്‌സിന് പെനല്‍റ്റി ലഭിച്ചത്. രണ്ടാം മഞ്ഞ കാര്‍ഡ് വാങ്ങിയ ഫാള്‍ പുറത്തായത് മുംബൈ സിറ്റിക്ക് തിരിച്ചടിയാകുകയും ചെയ്തു. ജയത്തോടെ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു.