വീണ്ടും വിസ്മയിപ്പിച്ച് മഞ്ഞപ്പട: ബ്ലാസ്റ്റേഴ്‌സിന് ഇടം ഹൃദയത്തില്‍ തന്നെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിര്‍ണായക മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹിക്കെതിരേ നേടിയ മിന്നും ജയത്തിന് പത്തരമാറ്റേകി മഞ്ഞപ്പടയുടെ വൈകിങ് ക്ലാപ്പ്. കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിടിലന്‍ പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാമായ ആരാധകര്‍ നല്‍കിയത്.

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനെ കേരള ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. ദീപേന്ദ്ര നേഗി, ഇയാന്‍ ഹ്യൂം എന്നിവരുടെ ഗോളുകളിലാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയ താണ്ഡവം. ഇതോടെ കേരളം പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി.

ഈ സീസണില്‍ തന്നെ മുംബൈ സിറ്റി എഫ്സിക്കെതിരേ  മുംബൈയില്‍ നടന്ന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ആരാധകര്‍ വൈകിങ് ക്ലാപ്പ് നല്‍കിയിരുന്നു.

പെനാല്‍റ്റി കിക്കിലൂടെ ഡല്‍ഹി ഡൈനമോസാണ് കളിയിലെ ആദ്യഗോള്‍ നേടിയത്. എന്നാല്‍, രണ്ടാം പകുതി തുടങ്ങി രണ്ട് മിനിട്ടിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യഗോള്‍ നേടി. കോര്‍ണര്‍ കിക്കില്‍ നിന്നും ദീപേന്ദ്ര നേഗി തലകൊണ്ട് തഴുകിവിട്ട പന്ത് കാലു ഉച്ചെയുടെ തലയില്‍തട്ടി വലയിലായി.

ദീപേന്ദ്ര നേഗി തന്നെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളിനും പിന്നില്‍. ഡല്‍ഹിയുടെ ബോക്‌സിലേക്ക് ബോളുമായി ഓടിക്കയറിയ നേഗിയെ പ്രതീക് ചൗധരി ടാക്കിള്‍ ചെയ്തു. ചൗധരിക്ക് മഞ്ഞക്കാര്‍ഡും ബ്ലാസ്റ്റേഴ്‌സിന് പെനാല്‍റ്റിയും കിട്ടി. കിക്കെടുത്ത സൂപ്പര്‍താരം ഇയാന്‍ ഹ്യൂം മനോഹരമായി ആ പെനാലിറ്റി ഗോളാക്കുകയും ചെയ്തു.

https://www.facebook.com/IndianSuperLeague/videos/929207913921799/

13-ാം മല്‍സരത്തില്‍ സീസണിലെ അഞ്ചാം വിജയം കുറിച്ച ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. 12 മല്‍സരങ്ങളില്‍നിന്ന് ഒന്‍പതാം തോല്‍വി വഴങ്ങിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഏഴു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.