തിരിച്ചുവരുമോ? ഒടുവില്‍ ബെര്‍ബ നാട്ടിലേക്ക് മടങ്ങി

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കുന്ന ഒരു വാര്‍ത്ത പുറത്ത്. ഏറെ കൊട്ടിഘോഷിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ ബള്‍ഗേറിയന്‍ സൂപ്പര്‍ താരം ദിമിറ്റര്‍ ബെര്‍ബറ്റോവ് നാട്ടിലേക്ക് മടങ്ങി. ജന്മദിനം നാട്ടില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ബെര്‍ബറ്റോവ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊച്ചിയില്‍ ഒപ്പമുണ്ടായിരുന്ന കുടുംബവും ബെര്‍ബയ്‌ക്കൊപ്പം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇതോടെ ഇനിയുടെ മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ ബെര്‍ബയെ കാണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

അതെസമയം ബെര്‍ബറ്റോവ് ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ റദ്ദാക്കിയില്ലെന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരുവര്‍ഷത്തെ കരാര്‍ ഇടയ്ക്കുവച്ച് ഉപേക്ഷിച്ചാല്‍ നഷ്ടപരിഹാരം നല്കേണ്ടതിനാല്‍ ബെര്‍ബയുമായുള്ള കരാര്‍ റദ്ദാക്കിയേക്കില്ല. കൂടാതെ ഐഎസ്എല്ലിനു പിന്നാലെ സൂപ്പര്‍ കപ്പ് വരുന്നതും കരാര്‍ റദാക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്നാണ്.

ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് ഏറെ കൊട്ടിഘോഷിച്ചെത്തിയ ബെര്‍ബറ്റേവ് കളിക്കളത്തില്‍ നിഴമാത്രമായി ഒതുങ്ങിയിരുന്നു. കൂടാതെ പരിക്കും താരത്തെ വേട്ടയാടിയപ്പോള്‍ ചില മത്സരങ്ങള്‍ മാത്രമാണ് ബെര്‍ബ ബൂട്ടുകെട്ടിയത്.

അതേസമയം പരിക്കും പനിയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രതിരോധനിരക്കാരന്‍ നെമഞ്ജ പെസിച്ച് അതിവേഗം സുഖം പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ പെസിച്ചിന് കളിക്കാനാകുമെന്നാണ് സൂചന.

പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ശക്തരായ പൂനെ സിറ്റിക്കെതിരേ ആണ്. വെള്ളിയാഴ്ച്ച അവരുടെ നാട്ടിലാണ് മത്സരം.