ആഴ്‌സണലിന്റെ സൂപ്പര്‍ താരത്തെ ബാഴ്‌സിലോണ പൊക്കി ; കരാറാക്കിയത് ഉടക്കി നിന്ന സമയം നോക്കി പകുതി ശമ്പളത്തില്‍

കടക്കെണിയില്‍ ലിയോണേല്‍ മെസ്സി അടക്കമുള്ള വമ്പന്മാരെ കൈവിട്ട സ്പാനിഷ് ക്ല്ബ് മുന്‍ ചാമ്പ്യന്മാര്‍ ബാഴ്‌സിലോണ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാംപ്യന്മാരായ ആഴ്‌സണലിന്റെ നായകനെ തന്നെ പൊക്കി. ആഴ്്‌സണലില്‍ നിന്നും ഫ്രീട്രാന്‍സ്ഫറില്‍ മുന്‍ നായകന്‍ പിയറി ഔബമയാംഗിനെയാണ് ബാഴ്‌സിലോണ കൊത്തിയത്.

ആഴ്‌സണലില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന താരമായ ഔബമയാംഗ് ശമ്പളം വെട്ടിക്കുറച്ച് ബാഴ്‌സിലോണയില്‍ ചേരാന്‍ സമ്മതിക്കുകയായിരുന്നു. 2020 ല്‍ ഔബമയാംഗ് കരാര്‍ പുതുക്കാന്‍ തീരുമാനിച്ചത് ആഴ്്‌സണല്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. എന്നാല്‍ ഇത്തവണ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. 2018 – 19 സീസണില്‍ 22 ഗോളുകള്‍ ആഴ്‌സണലിനായി അടിച്ചുകൂട്ടിയ താരമാണ് ഔബമയാംഗ്. എന്നാല്‍ 2019 – 20 സീസണില്‍ താരത്തിന് 10 ഗോളുകള്‍ അടിക്കാനേ കഴിഞ്ഞിട്ടുള്ളൂ.

ഡിസംബറില്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ നായകസ്ഥാനം നഷ്ടമായ താരത്തിന് ഈ സീസണില്‍ ആഴ്‌സണലിനായി നാലു ഗോളുകള്‍ നേടാനേ കഴിഞ്ഞിട്ടുള്ളു. കരാര്‍ 18 മാസം കൂടി ബാക്കി നില്‍ക്കേയാണ് താരത്തെ വിട്ടയയ്ക്കാന്‍ ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. സീസണില്‍ പതറി നില്‍ക്കുന്ന ബാഴ്‌സിലോണ എല്ലാം കെട്ടിപ്പൊക്കാനുള്ള തീരുമാനത്തിലാണ്. നേരത്തേ സിറ്റിയില്‍ നിന്നും ഫെറാന്‍ ടോറസിനെ എത്തിച്ചതിന് പിന്നാലെ വോള്‍വര്‍ ഹാംപ്ടണില്‍ നിന്നും അഡാമാ ട്രാവോറിനെയും ക്യാമ്പ്‌ന്യൂവില്‍ എത്തിച്ചിരിക്കുകയാണ്.