സീസണിലെ മോശം പ്രകടനം, പരിശീലകനെ പുറത്താക്കി ബെംഗളൂരു എഫ്സി

ഐഎസ്എല്‍ പത്താം സീസണിലെ ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പരിശീലകന്‍ സിമണ്‍ ഗ്രേസണെ പുറത്താക്കി ബെംഗളൂരു എഫ്സി. ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനമാണ് ഗ്രേസണെ പുറത്താക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇന്നലെ സ്വന്തം ഗ്രൗണ്ടില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 4-0ന്റെ വമ്പന്‍ പരാജയം ടീം നേരിട്ടിരുന്നു.

ഇതിനു പിന്നാലെ ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാകും എന്ന് ക്ലബ് ഉടമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിമണ്‍ ഗ്രേസണെ പുറത്താക്കിയതായി ബെംഗളൂരു എഫ്സി അറിയിച്ചത്. ഗ്രേസണിനൊപ്പം അസിസ്റ്റന്റ് കോച്ച് നീല്‍ മക്ഡൊണാള്‍ഡും ക്ലബ് വിടും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ റെനെഡി സിംഗ് വരാനിരിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിന്റെ ചുമതല വഹിക്കും.

2022 ജൂണില്‍ ആയിരുന്നു ഗ്രേസണ്‍ ബെംഗളൂരു പരിശീലകനായി ചുമതലയേറ്റത്. ബെംഗളൂരുവിനെ കഴിഞ്ഞ സീസണില്‍ മൂന്ന് ഫൈനലുകളില്‍ എത്തിക്കാന്‍ അദ്ദേഹത്തിനായി. ഐഎസ് എല്ലിലും സൂപ്പര്‍ കപ്പിലും ബെംഗളൂരു എഫ് സി ഫൈനലില്‍ എത്തി എങ്കിലും കിരീടം നേടാന്‍ ആയില്ല. എന്നിരുന്നാലും ഡ്യൂറണ്ട് കപ്പില്‍ കിരീടം ചൂടാന്‍ അവര്‍ക്കായിരുന്നു.

Read more

അതേസമയം ക്ലബ് ഉടന്‍ തന്നെ പുതിയ ഹെഡ് കോച്ചിനെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമ്പത് കളികളില്‍ ഒന്ന് മാത്രം ജയിച്ച് ബെംഗളൂരു നിലവില്‍ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ബുധനാഴ്ച ചെന്നൈയിന്‍ എഫ്സിക്കെതിരെയാണ് അവരുടെ അടുത്ത പോരാട്ടം.