വളര്‍ത്തിയെടുത്ത ശേഷം കേരള ബ്‌ളാസ്‌റ്റേഴ്‌സ് കൈയൊഴിഞ്ഞ താരം എ.ടി.കെയില്‍ ; ഇനി കൊല്‍ക്കത്തയുടെ പ്രതിരോധം കടുകട്ടിയാകും

കേരള ബ്‌ളാസ്‌റ്റേഴ്‌സ് വളര്‍ത്തിയെടുത്ത പ്രതിരോധ താരം കൂടിയെത്തുന്നതോടെ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്തയുടെ പ്രതിരോധം കടുകട്ടിയാകും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെറിയ ഒരു മടുപ്പ് വന്നപ്പോള്‍ തന്നെ പഴയ പരിശീലകനെ തട്ടി പകരം ഗോവയുടെ പരിശീലകനെ തട്ടിയെടുത്ത് പുതിയ കുതിപ്പ് നടത്തുന്ന എടികെ മോഹന്‍ബഗാനിലേക്ക് ബ്‌ളാസ്‌റ്റേഴ്‌സിന്റെ മൂന്‍ നായകന്‍ സന്ദേശ് ജിങ്കാനാണ് എത്തുന്നത്. താരവുമായി ക്ലബ്ബ് വീണ്ടും കരാര്‍ ഒപ്പിട്ടതായും അഞ്ചാം നമ്പര്‍ ജഴ്‌സിയില്‍ താരത്തെ കാണാമെന്നുമാണ് വിവരം.

ബ്‌ളാസ്‌റ്റേഴ്‌സില്‍ നിന്നും കഴിഞ്ഞ സീസണില്‍ ബഗാനില്‍ എത്തിയ ജിങ്കാന്‍ പിന്നീട് ക്രൊയേഷ്യന്‍ ക്ലബില്‍ കളിക്കാനായി പോയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താരം ക്രൊയേഷ്യന്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ എച്ച്എന്‍കെ ഷിബെനിക്കില്‍ ചേര്‍ന്നത്. എന്നാല്‍ തുടര്‍ച്ചയായ പരിക്കുകള്‍ കാരണം താരത്തിനു ടീമിനൊപ്പം ഒരു മത്സരത്തിനു പോലും ഇറങ്ങാന്‍ സാധിച്ചില്ല. ക്രൊയേഷ്യന്‍ ക്ലബിനൊപ്പം പരിശീലനം നടത്തിയിരുന്നെങ്കിലും ഭാഗ്യക്കേട് വില്ലനായി. പരിക്കു പ്രശ്‌നമായെത്തിയതോടെ ക്രൊയേഷ്യ വിടാന്‍ ജിങ്കാന്‍ തീരുമാനിക്കുകയും പഴയ ക്ലബ്ബിലേക്ക് മടങ്ങി വരികയുമായിരുന്നു. സിബിനിക്കുമായുള്ള കരാര്‍ ഒഴിവാക്കിയാണ് താരത്തിന്റെ വരവ്. ഈ മാസത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ മോഹന്‍ബഗാന്‍ സ്വന്തമാക്കിയത്.

Read more

കേരള ബ്ലാസ്റ്റേഴ്‌സിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രധാന താരങ്ങളിലൊരാളായി വളര്‍ന്ന ജിങ്കാന്‍ 201920 സീസണ്‍ പരിക്കു കാരണം കളിച്ചിരുന്നില്ല. തുടര്‍ന്നാണ് 202021 സീസണില്‍ എടികെ മോഹന്‍ബഗാനിലേക്ക് പോയത്. എഎഫ്‌സി കപ്പിന് യോഗ്യത നേടിയിരുന്ന മോഹന്‍ബഗാന്‍ ഈ സീസണില്‍ 15 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഒമ്പത് മത്സരം കളിച്ച അവര്‍ നാലു കളികളില്‍ വിജയിക്കുകയും മൂന്ന് കളികളില്‍ സമനിലയിലാകുകയും രണ്ടു കളികളില്‍ തോല്‍വി അറിയുകയും ചെയ്തിട്ടുണ്ട്. ടിരിയക്കൊപ്പം ജിംഗാന്‍ കൂടി വരുന്നതോടെ ബഗാന്‍ പ്രതിരോധം കൂടുതല്‍ കട്ടിയാകും.