സഞ്ജു ടീം ഇന്ത്യയില്‍ കളിക്കേണ്ടവന്‍, നേരിടുന്ന പ്രശ്‌നമിതാണെന്ന് വെളിപ്പെടുത്തി ഹര്‍ഷ ഭോഗ്ലെ

രാജസ്ഥാന്‍ റോയല്‍സിനായി ഇത്തവണയും മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ച്ചവെച്ചത്. രാജസ്ഥാന്റെ 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരു സെഞ്ച്വറി അടക്കം സഞ്ജു 38.62 ശരാശരിയില്‍ 309 റണ്‍സാണ് അടിച്ചെടുത്തത്. ഐപിഎല്ലില്‍ മികച്ച പ്രകടനം സഞ്ജു കാഴ്ച്ചവെയ്ക്കുമ്പോഴും താരത്തിന് തിരിച്ചടിയാകുന്നത് സ്ഥിരതയില്ലായ്മയാണ്.

2013 ല്‍രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ച് ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ സഞ്ജു സാംസണിനെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് പ്രശസ്ത കമന്റേറ്ററും ക്രിക്കറ്റ് വിദഗ്ദ്ധനുമായ ഹര്‍ഷ ഭോഗ്ലെ. സഞ്ജുവിന്റെ നേട്ടങ്ങളെയെല്ലാം പ്രശംസിച്ച് രംഗത്ത് വരുമ്പോഴും അദ്ദേഹവും സഞ്ജുവിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മ ചൂണ്ടികാണിക്കുന്നു.

കഴിഞ്ഞ ദിവസം രാജസ്ഥാനെ വിജയത്തിലെത്തിയ സഞ്ജുവിന്റെ ഇന്നിംഗ്‌സിനിടയിലും മലയാളി താരത്തിന്റെ സ്ഥിരതയില്ലായ്മയില്‍ നിരാശ പ്രകടിപ്പിച്ച് ഹര്‍ഷ ഭോഗ്ലെ രംഗത്തെത്തിയിരുന്നു.

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ സഞ്ജു ബാറ്റ് ചെയ്യുന്നതിനിടെ ട്വിറ്ററിലൂടെയായിരുന്നു ഭോഗ്ലെയുടെ അഭിപ്രായ പ്രകടനം. ഒരു മികച്ച താരമാകാനുള്ള എല്ലാവിധ കാര്യങ്ങളുമുണ്ടായിട്ടും സഞ്ജു തന്റെ ഏറ്റവും മികച്ച ലെവലില്‍ കളിക്കാത്തത് തന്നെ എപ്പോഴും അമ്പരപ്പിക്കുന്നുണ്ടെന്ന് ഭോഗ്ലെ പറയുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനം നേടുന്നതിന് സഞ്ജുവിന് തിരിച്ചടിയാകുന്നത് പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഈ സീസണ്‍ ഐപിഎല്ലിലും സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. തുടക്കത്തില്‍ സണ്‍ റൈസേഴ്‌സിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ താരത്തിന് പിന്നീട് പക്ഷേ അതേ മികവ് തുടരാനായില്ല. 10 മത്സരങ്ങളില്‍ 38.62 ശരാശരിയില്‍ 309 റണ്‍സാണ് ഈ സീസണില്‍ സഞ്ജുവിന്റെ സമ്പാദ്യം.