നോര്‍ത്ത് ഈസ്റ്റിനെ മുട്ടുകുത്തിച്ച് ചെന്നൈയിന്‍; പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത്

ഐഎസ്എല്‍ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ ചെന്നൈയിന്‍ എഫ്‌സിക്ക് രണ്ടാം ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യൂണറ്റഡിനെ ചെന്നൈയിന്‍ കീഴടക്കി. ഇതോടെ ആറ് പോയിന്റുമായി ദക്ഷിണേന്ത്യന്‍ പട ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കു കയറി. മൂന്ന് മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം തോല്‍വിയാണിത്.

വാശിയേറിയ പോരില്‍ ലാലിന്‍സ്വാല ചാങ്‌തെ (41-ാം മിനിറ്റ്), അനിരുദ്ധ ഥാപ്പ (74) എന്നിവര്‍ ചെന്നൈയിനായി സ്‌കോര്‍ ചെയ്തു. ചെന്നൈയിന്‍ ഗോളി വിശാല്‍ കെയ്ത്തിന്റെ സെല്‍ഫ് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന്റെ അക്കൗണ്ടിലെത്തിയത്.

പന്തടക്കത്തിലും പാസിംഗിലും തുടക്കത്തില്‍ മികച്ചുനിന്ന നോര്‍ത്ത് ഈസ്റ്റിനെ പതിയെയാണ് ചെന്നൈയിന്‍ വരുതിയില്‍ കൊണ്ടുവന്നത്. ആക്രമണോത്സുകതയോടെ തുടങ്ങിയ എതിരാളിയെ പിന്നീട് തുടര്‍ ആക്രമണങ്ങളിലൂടെ സമ്മര്‍ദ്ദത്തിലാക്കിയ ചെന്നൈയിന്‍ ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്‍പ് ചാങ്‌തെയിലൂടെ ലീഡെടുത്തു (1-0).

രണ്ടാം പകുതിയുടെ ആരംഭത്തില്‍ നോര്‍ത്ത് ഈസ്റ്റിന് ഭാഗ്യ സമനില കൈവന്നു. മഷൂര്‍ ഷെരീഫിന്റെ നെടുനീളന്‍ ത്രോ പിടിച്ചെടുക്കുന്നതില്‍ ചെന്നൈയിന്‍ ഗോളി വിശാല്‍ കെയ്ത്തിന് പിഴച്ച നേരം പന്ത് വലയില്‍ കയറി (1-1). എന്നാല്‍ ആക്രമണം കടുപ്പിച്ച ചെന്നൈയിന്‍ ഥാപ്പയുടെ സ്‌ട്രൈക്കില്‍ വിജയം ഉറപ്പിച്ചു.