മെസ്സിയും എംബാപ്പേയും ഇക്കാര്‍ഡിയുമെല്ലാം ഇറങ്ങിയിട്ടും ഗോളടിച്ചില്ല ; പി.എസ്.ജി ഫ്രഞ്ച് കപ്പില്‍ തോറ്റു പുറത്തായി

മെസ്സിയും എംബാപ്പേയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ പിഎസ്ജിയ്ക്ക് ഫ്രഞ്ച്കപ്പില്‍ തോല്‍വി. ഫ്രഞ്ച് ലീഗില്‍ കിരീടത്തിന് പിഎസ്ജി ഏറ്റവും വെല്ലുവിളി നേരിടുന്ന നീസാണ് മുന്‍ ചാംപ്യന്മാരെ തോല്‍പ്പിച്ചത്. ഇരുടീമും സാധാരണ സമയത്ത് ഗോള്‍ നേടാതെ വന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവരികയായിരുന്നു.

മൗറീഷ്യോ പൊച്ചെറ്റീനോ ഏറ്റവും കരുത്തരായ ഇലവണെയാണ് മത്സരത്തിനായി ഇറക്കിയത്. മെസ്സിയും എംബാപ്പേയും ഇക്കാര്‍ഡിയും ഡ്രാക്‌സലറും ലോകത്തെ ഏറ്റവും പ്രമുഖരായ കളിക്കാരൊക്കെ ഉണ്ടായിട്ടും രക്ഷയുണ്ടായില്ല. ഗോളി മാര്‍സിന്‍ ബുള്‍ക്കയുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. ഈ വര്‍ഷം ഇതാദ്യമായിട്ടായിരുന്നു മെസ്സിയെ ആദ്യ ഇലവണില്‍ ഇറക്കിയത്.

ഷൂട്ടൗട്ടില്‍ ലിയാന്‍ഡ്രോ പരേഡസിന്റെയും കൗമാരതാരം സാവി സിമോണ്‍സിന്റെയും ഷൂട്ടുകള്‍ തട്ടി. ഏഴു സീസണില്‍ ഇതാദ്യമായിട്ടാണ് പിഎസ്ജി നീസിനോട് തോല്‍ക്കുന്നത്. പിഎസ്ജിയില്‍ നിന്നു തന്നെ നീസ് ലോണില്‍ ടീമിലെടുത്ത താരമാണ് ബുള്‍ക്ക കളി പഠിപ്പിച്ച തന്റെ മാതൃക്ലബ്ബിനിട്ട് കളിയിലുടനീളം ബുള്‍ക്ക പണി കൊടുത്തു.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ക്ലബ്ബാണ് നീസ്. ക്വാര്‍ട്ടറില്‍ ഒളിമ്പിക് മാര്‍സെയിയാണ് നീസിന്റെ എതിരാളി.