'ബഹുമാനിക്കപ്പെടാന്‍ എന്തു ചെയ്യണമെന്ന് അറിയില്ല' പരിതപിച്ച് ബ്രസീലിയന്‍ സൂപ്പര്‍ താരം

ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് എത്തിപ്പിടിച്ചിരിക്കുകയാണ് നെയ്മര്‍. പെറുവിനെതിരായ ഡബിള്‍ സ്‌ട്രൈക്കിലൂടെയാണ് നെയ്മര്‍ റെക്കോഡ് സ്വന്തമാക്കിയത്. നേട്ടത്തിനിടയിലും നെയ്മര്‍ പരിഭവത്തിലാണ്. ജനങ്ങളില്‍ നിന്ന് ബഹുമാനം കിട്ടാന്‍ എന്തു ചെയ്യണമെന്ന് അറിയില്ലെന്ന് നെയ്മര്‍ പരിതപിക്കുന്നു.

തീര്‍ച്ചയായും ടീമിനാണ് പ്രധാന്യം. യോഗ്യതാ റൗണ്ടില്‍ ടോപ് സ്‌കോററാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. എക്കാലത്തെയും ഗോള്‍വേട്ടയില്‍ പെലെയെ മറികടക്കാന്‍ സാധിക്കുക കൂടി ചെയ്താല്‍ അതു വലിയ അംഗീകാരമാകും- നെയ്മര്‍ പറഞ്ഞു.

Read more

ആള്‍ക്കാര്‍ എന്നെ ബഹുമാനിക്കാന്‍ ഇനിയെന്തെങ്കിലും ചെയ്യണമോയെന്ന് അറിയില്ല. എന്റെ പ്രകടനങ്ങള്‍ കുറച്ചുകൂടി ആദരവിന് അര്‍ഹമാണെന്ന് കരുതുന്നു. റിപ്പോര്‍ട്ടന്മാരും കമന്റേറ്റര്‍മാരും മറ്റുള്ളവരും എന്നെ വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്നു. ചില സമയത്ത് അഭിമുഖങ്ങളില്‍ സംസാരിക്കാനേ തോന്നില്ല. ഇനിയെല്ലാം ജനങ്ങളുടെ ഇഷ്ടത്തിന് വിടുന്നുവെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.