ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി.
മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ താരം എർലിംഗ് ഹാലാൻഡ് ആയിരുന്നു. വീണ്ടുമൊരു ഹാട്രിക്ക് നേട്ടം കൂടി അദ്ദേഹം സ്വന്തമാക്കി. ഈ വർഷത്തെ സീസൺ തുടങ്ങി രണ്ടാമത്തെ തവണയാണ് താരം ഹാട്രിക്ക് നേടുന്നത്. ഹാലൻഡിന്റെ ഈ നേട്ടത്തെ കുറിച്ച് പരിശീലകനായ പെപ് ഗാർഡിയോള സംസാരിച്ചു.
പെപ് ഗാർഡിയോള പറയുന്നത് ഇങ്ങനെ”
“ഹാലൻഡിനെ തടയാൻ സാധിക്കാത്ത ഒരു താരമാണ്. അദ്ദേഹത്തെ തടയാൻ കഴിയുന്ന ഒരു സെൻട്രൽ മിഡ്‌ഫീൽഡറും ഇപ്പോൾ ഇല്ല. തോക്കിൻ മുനയിൽ നിർത്തിയാൽ പോലും ഹാലൻഡിനെ തടയാൻ സാധിക്കില്ല. അസാധ്യമാണ്, അദ്ദേഹം അത്രയും പവർഫുൾ ആണ്. അദ്ദേഹം തന്റെ ജോലി തുടരട്ടെ. നമ്മൾ അതിനുള്ള ഫ്രീഡം ആണ് നൽകേണ്ടത്. 3 ഗോളുകൾ അദ്ദേഹം നേടി. ഒരുതവണ പോലും അവസരം നഷ്ടപ്പെടുത്തിയില്ല. എല്ലാ അർത്ഥത്തിലും മികച്ച പ്രകടനമാണ് ഹാലൻഡ് ഇന്ന് നടത്തിയിട്ടുള്ളത് “ സിറ്റി പരിശീലകൻ പറഞ്ഞു.
ഇപ്പോൾ നടക്കുന്ന പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ഹാലൻഡ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് തന്നെ അദ്ദേഹം 7 ഗോളുകളും നേടി കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളിലും താരം മികച്ച പ്രകടനം നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലീഗ് അവസാനിക്കുമ്പോൾ ഇത്തവണത്തെ ഗോൾഡൻ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കാനുള്ള അവസരം എർലിംഗ് ഹാലൻഡിനാണ്.