ഹാര്‍ദ്ദിക്കിന് ചുട്ടമറുപടിയുമായി സഹീര്‍ ഖാന്‍

മുന്‍ ഇന്ത്യന്‍ താരം സഹീര്‍ഖാന് ജന്മദിനാശംസ നേര്‍ന്ന് പുലിവാല്‍ പിടിച്ച ഹാര്‍ദ്ദിക്കിന് അതേ നാണയത്തില്‍ മറുപടി നല്‍കി സഹീര്‍ ഖാനും. ഹാര്‍ദ്ദിക്കിന്റെ പൊങ്ങച്ച ട്വീറ്റിനാണ് തമാശയിലൂടെ സഹീര്‍ മറുപടിയുമായി എത്തിയത്.

ആശംസകള്‍ക്ക് നന്ദി, എന്റെ ബാറ്റിംഗ് മികവ് താങ്കളുടെ അത്രയും പോരായിരിക്കാം. എന്നാല്‍ എന്റെ ജന്മദിനം ആ മത്സരത്തില്‍ താങ്കള്‍ നേരിട്ട അടുത്ത പന്തിനോളം മികച്ചതായിരുന്നു എന്നായിരുന്നു സഹീറിന്റെ മറുപടി.

സഹീറിന്റെ 41-ാം പിറന്നാളിന് ഹാര്‍ദ്ദിക് ആശംസയറിയിച്ച് ട്വീറ്റ് ചെയ്ത് വിവാദമായിരുന്നു. ‘പിറന്നാള്‍ ആശംസകള്‍ സഹീര്‍… ഞാന്‍ ചെയ്തതുപോലെ ബൗണ്ടറിക്ക് പുറത്തേക്കടിക്കാന്‍ താങ്കള്‍ക്കും കഴിയുമെന്നാണ് വിശ്വാസം’ ഇതായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ്. ആഭ്യന്തര ക്രിക്കറ്റിലെ ഒരു മത്സരത്തില്‍ സഹീറിനെ സിക്‌സ് പായിക്കുന്ന വീഡിയോ സഹിതമായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്.

എന്നാല്‍ ഇതിനു പിന്നാലെ പാണ്ഡ്യയുടെ ആശംസ ഇന്ത്യകണ്ട എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ സഹീര്‍ ഖാനെ അപമാനിക്കുന്നതാണ് എന്ന വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. പാണ്ഡ്യയുടേത് പൊങ്ങച്ച പ്രകടനമാണെന്ന് ആരോപിച്ച് ട്വീറ്റിന് ആരാധകര്‍ രൂക്ഷമായി മറുപടിയുമായെത്തി. ഇതിനിടെയാണ് സഹീര്‍ തന്നെ പാണ്ഡ്യക്ക് മറുപടിയുമായി രംഗത്തെത്തിയത്.