നന്ദി ഗാംഗുലിയ്ക്ക്, വിരല്‍ ചൂണ്ടിയത് രോഹിത്തിനും ധോണിയ്ക്കും നേരെ

യുവരാജ് സിംഗിന്റെ വിടവാങ്ങള്‍ പ്രസംഗം അവസാനിച്ചത് ഒട്ടേറെ മുനകൂര്‍ത്ത ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ്. കരിയറില്‍ താന്‍ സംതൃപ്തനാണെന്ന് പറയുമ്പോഴും അവസാന കാലത്ത് അവസരങ്ങള്‍ ലഭിക്കാതിരുന്നതിലുളള അസംതൃപ്തിയും യുവരാജ് പരസ്യമാക്കി.

ഈ ഐപിഎല്ലില്ലില്‍ ഫൈനല്‍ കളിക്കാനാകുമായിരുന്നെങ്കില്‍ താന്‍ കൂടുതല്‍ സംതൃപ്തനാകുമായിരുന്നു എന്നു തുറന്ന് പറഞ്ഞ യുവരാജ് ഗാംഗുലിയെ പലപ്പോഴും പ്രശംസ കൊണ്ട് മൂടി.

“”വിചാരിച്ചതു പോലെ ജയങ്ങളുണ്ടായിരുന്നില്ല, അവസരങ്ങളും ഇല്ലായിരുന്നു. 2000ത്തില്‍ തുടങ്ങിയതാണ് ഞാന്‍. 19 വര്‍ഷങ്ങളായി. കരിയറിനെ ഓര്‍ത്ത് ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു. ഐപിഎല്‍ ഫൈനല്‍ കളിച്ചിരുന്നു എങ്കില്‍ കുറച്ചുകൂടി സംതൃപ്തനാകുമായിരുന്നു ഞാന്‍. പക്ഷേ നഷ്ടബോധമില്ല” വിരമിക്കലിനെ കുറിച്ച് യുവരാജ് പറഞ്ഞത് ഇപ്രകാരമാണ്.

എന്നാല്‍ ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യയെ നയിച്ച ധോണിയെ പേരിന് മാത്രമാണ് യുവരാജ് എടുത്ത് പറഞ്ഞത്. അതും ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പറെന്ന് മാത്രമെന്നാണ് ധോണിയെ യുവരാജ് വിശേഷിപ്പിച്ചത്.

“”സൗരവ് ഗാംഗുലിക്ക് കീഴിലാണ് ഞാന്‍ തുടങ്ങിയത്. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം കളിച്ചു, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, ജവഗല്‍ ശ്രീനാഥ് എന്നിങ്ങനെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പവും കളിക്കാന്‍ സാധിച്ചു. എംഎസ് ധോണിക്ക് കീഴില്‍ 2011ല്‍ ലോക കപ്പ് നേടാനും കഴിഞ്ഞു. സെലക്ടര്‍മാര്‍ക്കും ഗാംഗുലിക്കും നന്ദി പറയുന്നു””- യുവരാജ് അവസാനിപ്പിച്ചത് ഇപ്രകാരമാണ്.

യുവരാജിന്റെ വിടവാങ്ങല്‍ പ്രസംഗത്തെ കുറിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കമല്‍ വരദൂര്‍ എഴുതിയത്:

യുവിയെ ഒതുക്കിയത് ആര്…?

ലോകകപ്പ് സമയത്ത് എന്ത് കൊണ്ട് യുവരാജ് സിംഗ് വിരമിച്ചു….? ഈ ചോദ്യം ഇന്നലെ വാര്‍ത്താ സമ്മേളനത്തിന് ശേഷമുള്ള മാധ്യമ പ്രവര്‍ത്തകരുടെ മുഖാമുഖ സെഷനില്‍ ഉയര്‍ന്നിരുന്നു. പക്ഷേ വിവാദങ്ങള്‍ക്കില്ലെന്നും ഈ ചോദ്യത്തിനുത്തരം നല്‍കാനുള്ള സമയം ഇതല്ലെന്നുമാണ് യുവരാജ് പറഞ്ഞത്. ശരിയാണ് അദ്ദേഹത്തിന്റെ സമീപനം. ലോകകപ്പ് നടക്കുമ്പോള്‍ ആര്‍ക്ക് നേരെയെങ്കിലും വിരല്‍ ചൂണ്ടിയാല്‍ അത് വലിയ വിവാദമാവും,. ടീമിനെ അത് ബാധിക്കും. പക്ഷേ യുവരാജ് ആ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ അവസാനത്തില്‍ പറഞ്ഞു-എനിക്ക് ചിലത് പറയാനുള്ള അവസരം വരും, അപ്പോള്‍ പറയാമെന്ന്. അദ്ദേഹം നല്ല വിരമിക്കല്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. അതിന് കാരണങ്ങള്‍ പലതുണ്ട്. അത് പറയാതിരിക്കുകയാണ് യുവരാജ്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു. തുടക്കത്തില്‍ ചില മല്‍സരങ്ങള്‍ കളിച്ചു. പിന്നെ പുറത്തായി. എല്ലാ കളികളിലും ബെഞ്ചില്‍ തന്നെ. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടീമാണ് മുംബൈ. രോഹിത് ശര്‍മയാണ് നായകന്‍. മഹേല ജയവര്‍ധനെയാണ് കോച്ച്. പക്ഷേ യുവരാജിന് അവസരം കിട്ടിയില്ല. ഹൈദരാബാദിലെ ആ ഫൈനലില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ അന്ന് അദ്ദേഹം രാജകീയമായി വിരമിക്കുമായിരുന്നു. ആരാണ് അദ്ദേഹത്തെ പുറത്തിരുത്തിയത്- നായകന്‍ രോഹിതാണോ, കോച്ച് മഹേലയാണോ… അറിയില്ല. അത് ഒരു നാള്‍ യുവി തന്നെ പറയുമായിരിക്കും. രാജ്യത്തിനായി കളിക്കാനുള്ള അവസാന അവസരമെന്ന നിലക്കായിരുന്നു ഐ.പി.എല്ലിനെ യുവരാജ് കണ്ടത്. അത് നഷ്ടമായപ്പോള്‍ അവസാന രാജ്യാന്തര മോഹവും അവസാനിപ്പിച്ചു. ലോകകപ്പിനും ഐ.പി.എല്ലിനും മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് മല്‍സര ഏകദിന പരമ്പര കളിച്ചിരുന്നു. ആ മല്‍സരങ്ങളിലൊന്നില്‍ അദ്ദേഹത്തിന് അവസരം നല്‍കാമായിരുന്നു-രാജ്യത്തിന് കളിച്ച് വിരമിക്കാന്‍. പക്ഷേ അവിടെയും അവസരമുണ്ടായില്ല. ആരായിരിക്കും വില്ലന്‍…? വിരാത് കോലിയോ, രവിശാസ്ത്രിയോ, അതോ മഹേന്ദ്രസിംഗ് ധോണിയോ…. ഈ ചോദ്യവും യുവിയുടെ ഉത്തരം തേടുന്നു. സൗരവ് ഗാംഗുലിക്കും മഹേന്ദ്രസിംഗ് ധോണിക്കും കീഴിലാണ് യുവരാജ് കാര്യമായി കളിച്ചത്. ഇവരില്‍ സൗരവിനെക്കുറിച്ച് അദ്ദേഹം വാചാലനായപ്പോള്‍ ധോണിയെക്കുറിച്ച് പറഞ്ഞത് അദ്ദേഹം കൂളാണ്, നല്ല വിക്കറ്റ് കീപ്പറാണെന്നാണ്… ഈ മറുപടിയിലും സംശയമില്ലേ…? 2011 ല്‍ ധോണിക്ക് ലോകകപ്പ് സമ്മാനിച്ചത് യുവരാജായിരുന്നു. അതിന് ശേഷം യുവരാജ് രോഗത്തിന് കീഴടങ്ങി. പിന്നെ തിരികെ വന്നുവെങ്കിലും അവസരങ്ങള്‍ കുറവായിരുന്നു. ധോണി തനിക്ക് വേണ്ടി ശബ്ദിച്ചില്ലേ എന്ന സംശയം യുവരാജിനുണ്ട്. പ്രത്യേകിച്ച്് സൗരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അദ്ദേഹം താരങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമെന്നാണ്. യുവരാജും നെഹ്‌റയും ഹര്‍ഭദനും സഹീറും സേവാഗുമെല്ലാം സൗരവിന്റെ പ്രിയപ്പെട്ട താരങ്ങളായിരുന്നു. ഇവര്‍ക്ക് വേണ്ടി അദ്ദേഹം കരുത്തനായി വാദിക്കാറുണ്ടായിരുന്നു. എന്നാല്‍ ധോണി നായകനായപ്പോള്‍ സേവാഗ് പലപ്പോഴും പുറത്തായി. സേവാഗും ധോണിയും തമ്മില്‍ ഇപ്പോഴും നല്ല ബന്ധമില്ല. ധോണിയിലെ നായകന്‍ യുവരാജിന് വേണ്ടി പരസ്യമായി ശബ്ദിച്ചിട്ടില്ല. താന്‍ ആര്‍ക്കും മുന്നിലും അവസരം ചോദിച്ച് പോയിട്ടില്ലെന്നാണ് യുുവരാജ് വ്യക്തമാക്കിയത്. വിടവാങ്ങല്‍ മല്‍സരം യുവരാജിന് വേണമെന്ന് വാദിക്കേണ്ടത് ധോണിയും വിരാത് കോലിയുമെല്ലാമല്ലേ…. അതുമുണ്ടായില്ല. അവസാനം വാര്‍ത്താ സമ്മേളനത്തിലൂടെ അദ്ദേഹം മടങ്ങുമ്പോള്‍ ഇത് അര്‍ഹമായ യാത്രയയപ്പല്ല. രാജ്യത്തിന് രണ്ട് ലോകകപ്പ് സമ്മാനിച്ച താരം. മാരക രോഗത്തെയും അതിജയിച്ച താരം. യുവതക്ക് മാതൃകയായ താരം-അദ്ദേഹം വിരമിക്കേണ്ടത് ക്രീസില്‍ വെച്ച് തന്നെയായിരുന്നു-സാക്ഷാല്‍ സച്ചിനെ പോലെ