കഴിവ് തെളിയിക്കാൻ ഒരുപാട് ഇന്നിംഗ്സ് വേണ്ട, ഒരൊറ്റ ഇന്നിംഗ്സ് മതി; ഹീറോ ആയി മടങ്ങി സർഫ്രാസ്

കഴിവ് തെളിയിക്കാൻ ഒരുപാട് ഇന്നിങ്‌സുകൾ ഒന്നും കളിക്കേണ്ട ആവശ്യമില്ല. ഒരൊറ്റ ഇന്നിംഗ്സ് മതിയെന്ന് തെളിയിച്ചിരിക്കുകയാണ് സർഫ്രാസ് ഖാൻ എന്ന മിടുക്കൻ. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിൽ അവസരം കിട്ടുന്നു. യാതൊരു പേടിയും ഭയവും ഇല്ലാതെ തന്റെ ആദ്യ ടെസ്റ്റിൽ തന്നെ ഒരേ സമയം മാസും ക്‌ളാസും കലർന്ന തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവെച്ച് വരാനിരിക്കുന്ന ഒരുപാട് മികച്ച ഇന്നിങ്‌സുകളുടെ സൂചന നൽകിയാണ് താരം മടങ്ങിയത്. റൺ ഔട്ട് ആയി മടങ്ങുമ്പോൾ 66 പന്തിൽ താരം നേടിയത് 62 റൺസ്. ഇന്നിങ്സിൽ 9 ബൗണ്ടറികളും ഒരു സിക്‌സും ഉൾപ്പെട്ടിരുന്നു.

തുടക്കത്തിലേ തകർച്ചക്ക് ശേഷം രോഹിത് – ജഡേജ കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി. ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ സൂചന കാണിച്ച് തകർപ്പൻ സെഞ്ച്വറി നേടിയ ഹിറ്റ്മാനും ജഡേജയും തങ്ങളുടെ പരിചയസമ്പത്ത് മുഴുവൻ മുതലെടുത്താണ് കളിച്ചത്. ഇംഗ്ലണ്ട് ബോളര്മാര്ക് യാതൊരു പഴുതും കൊടുക്കാതെ കളിച്ച ഇരുവരും സ്കോർ ബോർഡ് മുന്നോട്ട് നയിച്ചു. സെഞ്ച്വറി നേടിയ ശേഷം ടോപ് ഗിയറിൽ കളിച്ച രോഹിത് 131 റൺ എടുത്ത് പുറത്തായി. അപ്പോഴായിരുന്നു സർഫ്രാസിന്റെ വരവ്. സ്പിൻ ആണെങ്കിലും പേസ് ആണെങ്കിലും താൻ അടിക്കുമെന്ന രീതിയിൽ കളിച്ച സർഫ്രാസ് ജഡേജക്കൊപ്പം ചേർന്നതോടെ ഹിറ്റ്മാൻ മടങ്ങിയതിന്റെ കുറവ് അറിയാതെ പോകാൻ ഇന്ത്യക്ക് സാധിച്ചു.

യദേഷ്ടം ആക്രമിച്ച് കളിച്ച സർഫ്രാസ് ജഡേജയെ കാഴ്ചക്കാരനാക്കി തന്റെ കന്നി അർദ്ധ സെഞ്ചുറിയും നേടി. ആദ്യ ഇന്നിങ്സിൽ തന്നെ ഒരു സെഞ്ച്വറി നേടുമെന്ന് തോന്നിച്ച സമയത്താണ് നിർഭാഗ്യം റൺ ഔട്ട് രൂപത്തിൽ എത്തിയത്. 90 റൺസ് കടന്ന ശേഷം വളരെ പേടിച്ചാണ് ജഡേജ കളിച്ചത്. ആ പേടി കാരണം എപ്പോൾ വേണമെങ്കിലും ഒരു ദുരന്തം സംഭവിക്കാം എന്ന ആശങ്ക ഇന്ത്യൻ ആരാധകർക്ക് ഉണ്ടായിരുന്നു. എന്തായാലും 99 ൽ നിൽക്കെ ഇല്ലാതെ റൺ എടുക്കാൻ ഓടാൻ ജഡേജ ശ്രമിച്ചു. അതിൽ റൺ ഇല്ലാത്തതിനാൽ തന്നെ അപകടം മണത്ത ജഡേജ പിന്നിലേക്ക് വലിഞ്ഞു. എന്നാൽ ജഡേജയുടെ സെഞ്ച്വറിക്ക് വേണ്ടി നോൺ സ്‌ട്രൈക്കർ എൻഡിൽ നിന്ന സർഫ്രാസ് വിക്കറ്റ് വലിച്ചെറിഞ്ഞു.

ആദ്യ ഇന്നിങ്സിൽ തന്നെ വരവറിയിക്കുന്ന പ്രകടനമാണ് എന്തായാലും താരം നടത്തിയിരിക്കുന്നത്. ഈ മികവ് തുടർന്നാൽ ഋഷഭ് പന്തിനെ പോലെ പേടിയില്ലാതെ ടെസ്റ്റ് കളിക്കുന്ന ഒരു താരത്തെ ഇന്ത്യക്ക് കിട്ടും.