'അക്‌സറിനെ വെച്ച് നിങ്ങള്‍ക്കത് ചെയ്യാനാവില്ല'; പോരായ്മ ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പത്താന്‍

ഏഷ്യാകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയുണ്ടാക്കുന്ന ഒരു മേഖല ചൂണ്ടിക്കാട്ടി മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. കാല്‍മുട്ടിനേറ്റ പരിക്ക് കാരണമാണ് ജഡേജ പുറത്തായത്. പകരം അക്സര്‍ പട്ടേലിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘അക്ഷര്‍ പട്ടേലാണ് തികച്ചും ശരിയായ പകരക്കാരന്‍. പക്ഷേ ഒരേയൊരു പ്രശ്‌നം ജഡേജ ഒരു മികച്ച ബാറ്ററായി മാറിയിരുന്നു എന്നതാണ്. നിങ്ങള്‍ക്ക് അവനെ മികച്ച രീതിയില്‍ ബാറ്റിംഗില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമായിരുന്നു. നിങ്ങള്‍ക്ക് അക്‌സറിനൊപ്പം അത് ചെയ്യാന്‍ കഴിഞ്ഞേക്കില്ല.’

‘നിങ്ങള്‍ക്ക് മികച്ച ബോളിംഗും ഫീല്‍ഡിംഗും ലഭിക്കും, അതില്‍ പ്രശ്നമില്ല. പക്ഷേ ബാറ്റിംഗില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ചില പ്രശ്നങ്ങള്‍ ഉണ്ടാകും. അതിനാല്‍ രവീന്ദ്ര ജഡേജ എത്രയും വേഗം ഫിറ്റായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു’ പത്താന്‍ പറഞ്ഞു.

സെപ്തംബര്‍ 4 ന് പാകിസ്ഥാനെതിരെയാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ ഗ്രൂപ്പ് എ ഏറ്റുമുട്ടലില്‍ ചിരവൈരികളെ പരാജയപ്പെടുത്തി ടി20 ലോകകപ്പിലെ തോല്‍വിക്ക് പ്രതികാരം ചെയ്ത ഇന്ത്യ നാളെയും ഇത് ആവര്‍ത്തിക്കാനാണ് ഇറങ്ങുന്നത്. എതിരാളികളായ പാക്കിസ്ഥാനെതിരെ മികച്ച ഫോം നിലനിര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം.