'ഞങ്ങള്‍ക്കിടയിലെ സൗഹൃദത്തിന് ക്രിക്കറ്റിനേക്കാള്‍ ആഴമുണ്ട്'; ആരാധക മനസ് കീഴടക്കി വില്യംസണ്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിജയം കൈവരിച്ച ശേഷം ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ തോളില്‍ തലചായ്ച്ച് നടത്തിയ ആലിംഗനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വില്യംസണ്‍. തങ്ങള്‍ക്കിടയിലെ സൗഹൃദത്തിന് ക്രിക്കറ്റിനേക്കാള്‍ ആഴമുണ്ടെന്നാണ് വില്യംസണ്‍ പറഞ്ഞത്.

“അതൊരു വിലപ്പെട്ട നിമിഷമായിരുന്നു. വിരാടുമായുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതൊരു നല്ല നിമിഷമായിരുന്നു. ഞങ്ങള്‍ക്കിടയിലെ സൗഹൃദവും ബന്ധവും ക്രിക്കറ്റിനേക്കാള്‍ ആഴമുള്ളതാണ്. ഞങ്ങള്‍ രണ്ട് പേര്‍ക്കും അതറിയാം.”

“ഇന്ത്യക്കെതിരെ എവിടെ വെച്ച് കളിക്കുന്നതും വലിയ വെല്ലുവിളിയാണ്. എല്ലാ ഫോര്‍മാറ്റിലും അവര്‍ മികച്ചവരാണ്. ക്രിക്കറ്റിനോടുള്ള തീവ്രത അവര്‍ പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്. ഫൈനലില്‍ ഉടനീളം കത്തിമുനയില്‍ നില്‍ക്കുന്നത് പോലെയാണ് തോന്നിയത്. അവിടെ ഇരു ടീമും അഭിനന്ദനം അര്‍ഹിക്കുന്നു” വില്യംസണ്‍ പറഞ്ഞു.

ഫൈനലില്‍ ഇന്ത്യ എല്ലാ മേഖലയിലും പരാജയപ്പെട്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിനാണ് ജയിച്ചു കയറിയത്. രണ്ട് ദിവസം പൂര്‍ണമായും മഴയെടുത്ത മത്സരത്തിന്റെ റിസര്‍വ് ദിനത്തിലാണ് ന്യൂസിലന്‍ഡ് ജയിച്ചു കയറിയത്. ഇന്ത്യ മുന്നോട്ടുവെച്ച 139 റണ്‍സിന്റെ വിജയലക്ഷ്യം ന്യൂസിലന്‍ഡ് അനായാസം മറികടന്നു.