ലോക കപ്പ് വേദിയും മത്സരക്രമവും പ്രഖ്യാപിച്ചു, ബദ്ധവൈരികളുടെ പോരിന് കാത്തിരിക്കണം

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി20 ലോക കപ്പിന്റെ ഫിക്ചറുകള്‍ പുറത്ത്. 2020 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോക കപ്പ് നടക്കുക. 16 രാജ്യങ്ങളാണ് ലോക കപ്പില്‍ മാറ്റുരയ്ക്കുക.

അയര്‍ലാന്‍ഡ്, ഒമാന്‍, നെതര്‍ലാന്‍ഡ്സ്, നമീബിയ, സ്‌കോട്ട്ലാന്‍ഡ്, പപ്പുവ ന്യു ഗിനിയ എന്നീ രാജ്യങ്ങള്‍ ടോപ് 10 രാജ്യങ്ങള്‍ക്കൊപ്പം കിരീട പോരിനിറങ്ങും. തുടക്കത്തില്‍ എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളുണ്ടാവും. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, പപ്പുവ ന്യു ഗിനിയ, അയര്‍ലാന്‍ഡ്, ഒമാന്‍ എന്നീ ടീമുകളാണ് ഉളളത്. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്സ്, നമീബിയ, സ്‌കോട്ട്ലാന്‍ഡ് എന്നീ ടീമുകളും കളിയ്ക്കും.

രണ്ട് ഗ്രൂപ്പിലും ആദ്യ രണ്ടിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ 1 12-ലേക്ക് യോഗ്യത നേടും. കര്‍ഡിനിയ പാര്‍ക്ക് സ്റ്റേഡിയത്തിലാവും ലോക ട്വന്റി20യിലെ ആദ്യ മത്സരം. ലങ്കയും അയര്‍ലാന്‍ഡുമാണ് ഏറ്റുമുട്ടുക.

ഗ്രൂപ്പ് എയില്‍ ഒന്നാമത് എത്തുന്ന ടീമും, ഗ്രൂപ്പ് ബിയില്‍ രണ്ടാമത് എത്തുന്ന ടീമും ഗ്രൂപ്പ് ഒന്നിലെ പാകിസ്ഥാന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, വിന്‍ഡിസ് എന്നീ ടീമുകള്‍ക്കൊപ്പം ചേരും. ഗ്രൂപ്പ് എയില്‍ രണ്ടാമത് എത്തുന്ന ടീമും, ഗ്രൂപ്പ് ബിയില്‍ ഒന്നാമത് എത്തുന്ന ടീമും ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കൊപ്പം ചേരും.

മെല്‍ബണില്‍ നവംബര്‍ 15-നാണ് ഫൈനല്‍. ഇന്ത്യയും പാകിസ്ഥാനും രണ്ട് ഗ്രൂപ്പിലായതിനാല്‍ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള പോരാട്ടം ഉണ്ടാകില്ല.